കുവൈറ്റില്‍ ഡ്രോണുകള്‍, ചെറുകിട കായികവിമാനങ്ങള്‍, വ്യോമകായിക വിനോദങ്ങള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം കുവൈത്ത് നടപ്പാക്കി.
ഗുരുതര നിയമലംഘനങ്ങള്‍ക്ക് മൂന്നുവർഷംവരെ തടവും 5,000 ദിനാർവരെ പിഴയും ലഭിക്കും.
ഡ്രോണുകളുടെയും അനുബന്ധ വ്യോമപ്രവർത്തനങ്ങളുടെയും നിയന്ത്രണം സംബന്ധിച്ച 2026ലെ 89-ാം നമ്പർ നിയമം ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അല്‍ യൗമി'ല്‍ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തില്‍ വന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയും സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ രജിസ്ട്രേഷൻ, ലൈസൻസ്, പെർമിറ്റ് എന്നിവയും ലഭിക്കാതെ ഡ്രോണുകള്‍ പറത്താൻ പാടില്ല. ഉടമകള്‍ ഡ്രോണ്‍ രജിസ്റ്റർ ചെയ്ത് പറക്കല്‍യോഗ്യതാ സർട്ടിഫിക്കറ്റും നേടണം. രജിസ്ട്രേഷൻ വിവരങ്ങളിലെ മാറ്റങ്ങള്‍ ഏഴ് പ്രവൃത്തിദിവസത്തിനകം അധികൃതരെ അറിയിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഡ്രോണുകളുടെ ഇറക്കുമതി, നിർമാണം, കൂട്ടിച്ചേർക്കല്‍, പ്രോഗ്രാമിങ്, രൂപമാറ്റം, വാണിജ്യവില്‍പ്പന എന്നിവയ്ക്കും ബന്ധപ്പെട്ട അധികൃതരുടെ അനുമതി നിർബന്ധമാണ്. ഡ്രോണ്‍ പ്രവർത്തിപ്പിക്കുന്ന പൈലറ്റും സഹായികളും ആവശ്യമായ ലൈസൻസ് നേടിയിരിക്കണം.
വിമാനത്താവളങ്ങളുടെ പരിധിയിലും നിരോധിത, നിയന്ത്രിത മേഖലകള്‍ക്ക് മുകളിലും ഡ്രോണുകള്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. പ്രത്യേക അനുമതിയില്ലാതെ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ഡ്രോണ്‍ പറത്താൻ പാടില്ല. വ്യക്തികള്‍, സ്വകാര്യസ്വത്തുക്കള്‍, നിർദിഷ്ട പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിനും നിയന്ത്രണമുണ്ട്. ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ആറുമാസംവരെ തടവും 300 മുതല്‍ 700 ദിനാർവരെ പിഴയും ലഭിക്കും. കൂടുതല്‍ ഗുരുതരമായ ലംഘനങ്ങള്‍ക്ക് രണ്ടുവർഷംവരെ തടവും 1,000 മുതല്‍ 2,000 ദിനാർവരെ പിഴയും ചുമത്തും. അതീവ ഗുരുതരമായ കേസുകളില്‍ മൂന്നുവർഷംവരെ തടവും 3,000 മുതല്‍ 5,000 ദിനാർവരെ പിഴയും ലഭിക്കും.
‘തൊഴില്‍ പരാതിയ്ക്കും തൊഴില്‍ നിയമലംഘന റിപ്പോർട്ടിനും അനുയോജ്യമായ സംവിധാനം ഉപയോഗിക്കണം’: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർനിയമലംഘനം ആവർത്തിക്കുകയോ അപകടത്തിന് കാരണമാകുകയോ ചെയ്താല്‍ ശിക്ഷ ഇരട്ടിയാക്കാം. ലൈസൻസ് റദ്ദാക്കാനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ഡ്രോണുകള്‍ കണ്ടുകെട്ടാനും കോടതിക്ക് അധികാരമുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രോണുകളുടെ സിഗ്നല്‍ തടയാനും പ്രവർത്തനരഹിതമാക്കാനും നിയന്ത്രണം ഏറ്റെടുക്കാനും ആവശ്യമെങ്കില്‍ വെടിവച്ചിടാനും അധികൃതർക്ക് കഴിയും. നിലവിലുള്ള ഡ്രോണ്‍ ഉടമകള്‍ക്ക് രേഖകളും അനുമതികളും നിയമവിധേയമാക്കാൻ ഒരുവർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമത്തിന്റെ നിർവഹണച്ചട്ടങ്ങള്‍ 2026 ഡിസംബർ 31നകം പുറത്തിറക്കും.

