എബോള വ്യാപനം തടയുന്നതിനായി അയല്‍രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായുള്ള അതിർത്തി താത്കാലികമായി അടച്ച് ഉഗാണ്ട.
നാല് ആഴ്ചത്തേക്കാണ് അതിർത്തി അടച്ചിട്ടത്. ഒരു മരണം ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് കേസുകള്‍ രാജ്യത്ത് ഇതിനോടകം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. നൂറുകണക്കിന് പേർ നിരീക്ഷണത്തിലാണെന്നും അധികൃതർ പറയുന്നു.
കോംഗോയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തി. ആഭ്യന്തര യുദ്ധം ഡിആർ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയില്‍ എബോള പടരുന്നത് തടയാനുള്ള ശ്രമങ്ങള്‍ക്ക് കടുത്ത തടസ്സമാകുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
രോഗവ്യാപനവും യുദ്ധവും ഒരേസമയം നടക്കുന്ന ഈ സാഹചര്യത്തെ “മഹാവിപത്ത്” എന്നാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അഥാനം ഗബ്രിയേസസ് വിളിച്ചത്. കോംഗോയിലെ പ്രതിരോധ പ്രവർത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി അദ്ദേഹം ഈ ആഴ്ച രാജ്യം സന്ദർശിക്കുന്നുണ്ട്.
രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ബോംബാക്രമണങ്ങള്‍ക്കിടയില്‍ രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതും ജനങ്ങളുടെ വിശ്വാസം നേടുന്നതും സാധ്യമല്ലെന്ന് ഡോ. ടെഡ്രോസ് പറഞ്ഞു. നിലവില്‍ ഏതാണ്ട് 220 പേർക്ക് എബോള മൂലം ജീവൻ നഷ്ടമായതായാണ് സംശയിക്കുന്നത്. കോംഗോയിലെ മോശം റോഡുകളും ജനങ്ങളുടെ കൂട്ടപ്പലായനവും അന്താരാഷ്ട്ര സഹായങ്ങളിലെ കുറവും രാജ്യത്തെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കിയിരിക്കുകയാണ്.
'ലോക മലയാളികള്‍ക്ക് നന്ദി'; നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം
2021 മുതല്‍ ഇറ്റൂരി പ്രവിശ്യ സൈനിക ഭരണത്തിന് കീഴിലാണ്. സായുധ ഗ്രൂപ്പുകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ഇത്. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയും നിരന്തരം ആക്രമണങ്ങളുണ്ടാകുന്നു. ഇത് രോഗികളെയും അവരുടെ സമ്പർക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിന് വിലങ്ങുതടിയാകുന്നു.
അതേസമയം മെഡിക്കല്‍ സംഘത്തിന് സുരക്ഷിതമായി പ്രവർത്തിക്കാൻ എല്ലാ വിഭാഗങ്ങളും ഉടനടി വെടിനിർത്തലിന് തയ്യാറാകണമെന്ന് ഡോ. ടെഡ്രോസ് ആവശ്യപ്പെട്ടു. നിലവില്‍ വലിയ തോതിലുള്ള വെല്ലുവിളികള്‍ നേരിട്ടാണ് ആരോഗ്യ പ്രവർത്തകർ കോംഗോയില്‍ സേവനം നടത്തുന്നത്.

