Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈജിപ്തിന്റെ ഗോള്‍ നിഷേധിച്ചത് നീതിക്ക് നിരക്കാത്ത അതിസാങ്കേതികത്വം; ഫേസ്ബുക്ക് പോസ്റ്റുമായി എംബി രാജേഷ്

ഈജിപ്തിന്റെ ഗോള്‍ നിഷേധിച്ചത് നീതിക്ക് നിരക്കാത്ത അതിസാങ്കേതികത്വം; ഫേസ്ബുക്ക് പോസ്റ്റുമായി എംബി രാജേഷ്

Kairali News 4 months ago

ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തില്‍ ഈജിപ്തിനെ 3-2 ന് തകർത്ത് അർജന്‍റീന ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തിലെ വാറിന്റെ വിവാദ തീരുമാനങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രിയും കടുത്ത അര്‍ജന്‍റീന ആരാധകനുമായ എം ബി രാജേഷ്.

ഈജിപ്തിന്റെ ഗോള്‍ അനുവദിക്കാതിരുന്ന വാറിന്റെ നടപടി തെറ്റായിരുന്നുവെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;

ഓണ്‍ ഫീല്‍ഡ് റഫറി ഫൗള്‍ വിളിക്കാതിരുന്ന നിസ്സാരമായ ഒരു നോർമല്‍ Normal contact മാത്രമായിരുന്നു അത്. റഫറിക്ക് ഫൗളല്ലെന്ന് വ്യക്തമായി ബോദ്ധ്യമായതിനാലാണ് അങ്ങിനെ വിധിക്കാതിരുന്നതും പന്ത് കരസ്ഥമാക്കി നൂറുമീറ്ററോളം താണ്ടി ഈജിപ്തിന് ഗോള്‍ നേടാൻ കഴിഞ്ഞതും. എന്നാല്‍ വാറിന്റെ‍‍ ഇടപെടലിലാണ് ഈ Normal Contact ഫൗള്‍ ആണെന്ന് വിധിച്ചതും ഗോള്‍ നിരസിക്കപ്പെട്ടതും. ഇത് നീതിക്ക് നിരക്കാത്ത അതി സാങ്കേതികത്വം മാത്രമാണെന്നേ പറയാനാവു.

അതുപോലെ തന്നെ അർജൻറീന ബോക്സില്‍ വച്ച്‌ മുഹമ്മദ് സലായില്‍ നിന്ന് അല്‍വാരിസ് പന്ത് തട്ടിയെടുത്തപ്പോഴും Normal Contact മാത്രമാണ് ഉണ്ടായത്. ഫൗള്‍ ഇല്ല എന്ന കാര്യം അംഗീകരിക്കുന്നു. അത് ഫൗള്‍ ആണെന്ന് നേരത്തേ ഞാൻ പറഞ്ഞത് സാങ്കേതികമായി ശരിയല്ല എന്നു സമ്മതിക്കുന്നു.കാരണം ബോള്‍ അല്‍വാരിസ് കാലിലാക്കിയ ശേഷമാണ് സാല വീഴുന്നത്.ബോള്‍ നേടാൻ വേണ്ടി ഫൗള്‍ ചെയ്തു എന്നു പറയാനാവില്ല.റിപ്ലേകളില്‍ ഇതാണ് വ്യക്തമാകുന്നത്.

ഫുട്ബോളും ക്രിക്കറ്റും സംബന്ധിച്ച ഏറ്റവും ആധികാരികമായി സംസാരിക്കാൻ കഴിയുന്ന വിദഗ്ദ്ധനാണ് ശ്രീ ദിലീപ് പ്രേമചന്ദ്രൻ. ദി ഗാർഡിയന്റെ മുൻ സ്പോർട്സ് ലേഖകൻ. അദ്ദേഹത്തിൻറെ ഒരു വിശകലനം കാണുകയുണ്ടായി. അദ്ദേഹം പറയുന്നത്, സാലയുടെ ഫൗള്‍ അനുവദിക്കാതിരുന്നതും അർജൻ്റീനയുടെ മൂന്നാം ഗോള്‍ അനുവദിച്ചതും ശരി. എന്നാല്‍ ഈജിപ്തിൻ്റെ ഫൗളിൻ്റെ പേരില്‍ ഗോള്‍ അനുവദിക്കാത്ത VAR ൻ്റെ നടപടി തെറ്റ് എന്നാണ്. ഈജിപ്തിനെതിരായ ഫൗള്‍ സാധാരണമായ ഒരു contact മാത്രമാണെന്നും അതുകൊണ്ടാണ് റഫറി ഫൗള്‍ വിളിക്കാതിരുന്നതെന്നും ദിലീപ് യുക്തിസഹമായി വിശദീകരിക്കുന്നു. VARൻ്റെ സങ്കീർണമായ സാങ്കേതികത്വം അനീതിയായി മാറിയത് ഈജിപ്തിൻ്റേതെന്ന പോലെ ക്രൊയേഷ്യയുടെ ഗോളിൻ്റെ കാര്യത്തിലും ബാധകമാണ്.

ഇന്നലെ അവസാന 15 മിനിട്ട് അർജൻറീന ഗംഭീരമായി കളിച്ചു. മെസ്സിയുടെ തകർപ്പൻ ഗോള്‍ അടക്കം അവരുടെ മൂന്നു ഗോളും ഉജ്ജ്വലമായിരുന്നു.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു. സംശയമില്ല.ഒരുപക്ഷേ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ മത്സരം അർജൻറീന ജയിക്കുമായിരുന്നു.VAR ൻ്റെ വിവാദമുണ്ടായിരുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ ഗോളിന് പിന്നില്‍ നിന്ന ശേഷമുള്ള ആ ജയം എത്ര മനോഹരമാകുമായിരുന്നു. ഒരു പക്ഷേ മുഴുവൻ സമയത്തു തന്നെയോ ഷൂട്ടൗട്ടിലോ അവർ പരാജയപ്പെടുകയും ചെയ്‌തേക്കാം.അതാണല്ലോ ഫുട്ബോള്‍. ആ അപ്രവചനീയതയാണല്ലോ ഫുട്ബോളിനെ ആവേശഭരിതമാക്കുന്നത്.അല്ലാതെ എപ്പോഴും പ്രതീക്ഷിത ഫലം മാത്രം കണ്ട് സായൂജ്യം അടയാനല്ലല്ലോ കോടിക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ കളികാണുന്നത്.

തങ്ങളുടെ കളിക്കാരന്റെ ചുവപ്പുകാർഡ് അമേരിക്കൻ പ്രസിഡണ്ട് ഫോണില്‍ വിളിച്ച്‌ ഫിഫ നിയമത്തിന് പുല്ലു വില കല്പിച്ച്‌ റദ്ദാക്കിക്കുന്ന തരം ഇടപെടല്‍ നടക്കുന്ന ഒരു ലോകകപ്പില്‍ ഫിഫ സംശയനിഴലിലാവുന്നത് സ്വാഭാവികമല്ലേ ? ട്രംപിനേയും ഫിഫയേയും വിമർശിച്ചത് യുവേഫയാണ്.അമേരിക്കയുടെ തോല്‍വിയും റദ്ദാക്കുമോ എന്നു പരിഹസിച്ചത് ബെല്‍ജിയം ഫുട്ബാള്‍ ഫെഡറേഷനാണ്.ഫിഫയുടേയും ലോകകപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സ്വയം വരുത്തിവെച്ചതാണ്.

ചരിത്രത്തില്‍ ഏകാധിപതികള്‍ പലപ്പോഴും ഫുട്ബോളിനെ തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിച്ചിട്ടുണ്ട്. 1978 ല്‍ അർജൻറീനയുടെ വിജയത്തിന് പിന്നില്‍ പട്ടാള ഏകാധിപതി വിദേലയുടെ ഇടപെടലും 1934 ല്‍ ഇറ്റലിക്കായി മുസോളിനിയുടെ ഇടപെടലും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ബ്രസീലിയൻ മുൻ പ്രസിഡൻ്റും സ്വയം പ്രഖ്യാപിത ഫാസിസ്റ്റുമായ ബോള്‍സനാരോയുടെ പോസ്റ്റർ ബോയ് ആയിരുന്നു നെയ്മർ. ട്രമ്പിന്റെ ഉറ്റമിത്രവും സയണിസ്റ്റുമായ അർജൻറീനയുടെ ഇപ്പോഴത്തെ തീവ്ര വലതുപക്ഷ പ്രസിഡണ്ടിനും ഇപ്പോള്‍ ഒരു ലോകകപ്പ് അർജൻ്റീനയിലെത്തിയാല്‍ കൊള്ളാമെന്ന് തോന്നാൻ കാരണങ്ങള്‍ ധാരാളമുണ്ട്.ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലം അർജൻറീന കടുത്ത സാമ്പത്തിക കുഴപ്പത്തിലാണ്. ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നു.പട്ടാളക്കാർക്ക് ശമ്പളം കൊടുക്കാനില്ലാത്തതിനാല്‍ മറ്റു ജോലികള്‍ ചെയ്യാൻ അനുവാദം കൊടുത്തിരിക്കുകയാണ്.വിലക്കയറ്റം ആകാശം മുട്ടെ ഉയർന്നിരിക്കുന്നു.ജനരോഷം വഴി തിരിച്ചുവിടണമല്ലോ. സ്കൂള്‍ യുവജനോത്സവത്തിലെ അപ്പീല്‍ അനുവദിക്കാൻ വിളിച്ചു പറയുന്ന എംഎല്‍എമാരെപ്പോലെ വെറും ഒരു ചുവപ്പുകാർഡ് റദ്ദാക്കാൻ ഇടപെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിൻറെ, അതും ആതിഥേയ രാഷ്ട്രത്തിൻറെ പ്രസിഡൻ്റ് ഉറ്റമിത്രത്തെ സഹായിക്കാനും ഇടപെട്ടിട്ടുണ്ടാവുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് ആസംശയം ഉണ്ടാക്കിയതിൻ്റെ ഉത്തരവാദിത്തം ട്രംപിനും ഫിഫക്കും മാത്രമാണ്.ചിലപ്പോള്‍ ഇത് ഒരു അതിവായനയായി തോന്നാം.പക്ഷേ ട്രമ്പ്- ഇൻഫാൻ്റിനോ കൂട്ടുകെട്ടിൻ്റെ ചെയ്തികളാണ് എല്ലാറ്റിനും ഹേതു.ലോകകപ്പിൻ്റെ തുടക്കം മുതല്‍ ചില രാജ്യങ്ങളിലെ കളിക്കാർ,ഒഫീഷ്യലുകള്‍,റഫറിമാർ എന്നിവരോടൊക്കെ കാണിച്ച വിവേചനത്തിലൂടെ ലോകകപ്പിൻ്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ചവർ അവരാണ്.

നീതിരഹിതമായ ഒരു ലോകക്രമത്തില്‍ മൈതാനങ്ങളില്‍ മാത്രം നീതി പുലരുമെന്ന് വ്യാമോഹിക്കരുത്. വർഗ്ഗ വിഭജിത ലോകത്ത് മറ്റെല്ലായിടത്തുമെന്നപോലെ കളിമൈതാനങ്ങളിലും തുല്യനീതിയല്ല,പലപ്പോഴും അധീശ വർഗ്ഗനീതി നടപ്പാക്കപ്പെടാം.അതു മഞ്ഞയോ ചുവപ്പോ കാർഡായും വംശീയ അധിക്ഷേപമായുമൊക്കെ വരാം.പ്രത്യേകിച്ചും കളിമൈതാനങ്ങളിലേക്ക് കുത്തിയൊഴുകുന്ന വൻകിട മൂലധനവും അധീശ രാഷ്ട്രീയവും തമ്മില്‍ ഇണചേരുമ്പോള്‍.

1986 മുതല്‍ ഞാനൊരു അർജന്റീന ആരാധകനാണ്. അർജൻറീന തോറ്റപ്പോഴും ‘ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ’ എന്ന മട്ടില്‍ അർജൻറീനിയൻ ഫുട്ബോളിനെ കാല്പനികമായി സ്നേഹിക്കുന്നയാള്‍. പക്ഷേ ഇന്ന് പറയട്ടെ ഫുട്ബാളാണ് മറ്റെന്തിനേക്കാള്‍ പ്രധാനം. ഫുട്ബാള്‍ പോലെ വേഗമേറിയ ഒരു കളിയില്‍ മുടിനാരിഴയില്‍ തട്ടിയതിന് ഗോള്‍നിഷേധിക്കുന്നതുപോലുള്ള ബോറൻ സാങ്കേതികത്വം VARലൂടെ അടിച്ചേല്പിക്കുന്നതും ഹൈഡ്രേഷൻ ബ്രേക്കുമെല്ലാം അതിൻ്റെ സ്വാഭാവികതയെ നശിപ്പിക്കും.തീർച്ചയായും സാങ്കേതിക വിദ്യയെ ഉപയോഗിക്കാം.അത് കളിയെ മെച്ചപ്പെടുത്താൻ ഉതകുന്നിടത്തോളം മാത്രം.അല്ലാതെ സാങ്കേതികത്വത്തില്‍ കുരുക്കിയിട്ട് കളിയെതന്നെ യാന്ത്രികമാക്കാനാവരുത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News