കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും എക്സിറ്റ് പോളുകള്‍ വെറും പ്രവചനങ്ങള്‍ മാത്രമാണെന്നും മന്ത്രി പി. രാജീവ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങള്‍ക്ക് പരാതികളില്ല. പത്ത് വർഷമായി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എല്‍ഡിഎഫിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷിത്വ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പലപ്പോഴും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് LDFന് പരമാവധി 80 സീറ്റുകള്‍ വരെയാണ് സർവേകള്‍ പ്രവചിച്ചതെന്നും, താൻ പോലും തോല്‍ക്കുമെന്ന് പ്രവചിച്ച സർവേകള്‍ ഉണ്ടായിരുന്നുവെന്നും’ മന്ത്രി പി രാജീവ് പറഞ്ഞു.
‘ഒറിജിനല്‍ ഫലം നാലാം തീയതി വരും. ഏറ്റവും കൂടുതല്‍ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന് അവകാശപ്പെടുന്ന മനോരമ സർവേ പോലും ഒരു മണ്ഡലത്തില്‍ നിന്ന് പരമാവധി 200 പേരെയാണ് സമീപിച്ചത്. പത്ത് വർഷക്കാലം ഭരണവിരുദ്ധ വികാരമില്ലാതെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എല്‍ഡിഎഫ് സർക്കാരിന് കഴിഞ്ഞു’യെന്ന് മന്ത്രി പറഞ്ഞു.
ഒഞ്ചിയം രക്തസാക്ഷികളുടെ 78-ാമത് രക്തസാക്ഷിത്വ ദിനാചരണം CPI(M), CPI നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചത്. കണ്ണൂക്കരയില്‍ നിന്ന് ആരംഭിച്ച ചുകപ്പ് സേനാ മാർച്ചും ബഹുജന പ്രകടനവും ഒഞ്ചിയം രക്തസാക്ഷി നഗറില്‍ സംഗമിച്ചു.
ചടങ്ങില്‍ സിപിഐ(എം), സിപിഐ നേതാക്കള്‍ പങ്കെടുത്തു. കെ.കെ. ലതിക,എം. മെഹബൂബ്, വി.എസ്. സുനില്‍ കുമാർ, പി. ഗവാസ്, സിപിഐ(എം) ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, എന്നിവർ സംസാരിച്ചു.

