Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എനിക്ക് നഷ്ടപ്പെട്ടത് ഒരു അനുജനെ മാത്രമല്ല, കളിക്കൂട്ടുകാരനെ കൂടിയാണ്; കലാഭവന്‍ നവാസിന്റെ ഓര്‍മ ദിവസം വൈകാരിക കുറിപ്പുമായി നിയാസ് ബക്കര്‍

എനിക്ക് നഷ്ടപ്പെട്ടത് ഒരു അനുജനെ മാത്രമല്ല, കളിക്കൂട്ടുകാരനെ കൂടിയാണ്; കലാഭവന്‍ നവാസിന്റെ ഓര്‍മ ദിവസം വൈകാരിക കുറിപ്പുമായി നിയാസ് ബക്കര്‍

Kairali News 3 months ago

മലയാള സിനിമ നടൻ കലാഭവന്‍ നവാസിന്റെ ഓർമ ദിവസം വൈകാരിക കുറിപ്പുമായി സഹോദരനും നടനുമായ നിയാസ് ബക്കര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കലാഭവന്‍ നവാസിന്റെ ഓർമ ദിവസമായ ഇന്ന് നിയാസ് ബക്കര്‍ കുറിപ്പ് പങ്കുവെച്ചത്.

എനിക്ക് നഷ്ടപ്പെട്ടത് ഒരു അനുജനെ മാത്രമല്ല, കളിക്കൂട്ടുകാരനെ കൂടിയാണെന്ന് ബക്കര്‍ കുറിപ്പില്‍ പറഞ്ഞു. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തതാണ് അവന്റെ മരണം. ഒരു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും നിയാസ് ബക്കര്‍ വ്യക്തമാക്കി. സഹോദരന്റെ ഓര്‍മ ദിവസം അവനെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞുകൊണ്ട് വളരെ വൈകാരികമായാണ് നിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും തീരുമാനമെടുക്കുമ്പോള്‍ എന്റെ ബലം നവാസും നിസാമുമായിരുന്നു. എന്റെ വലം കൈ ആണ് പോയതെന്നും നടൻ ഓർത്തെടുത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനാണ് മലയാളികളെ ഏറെ ചിരിപ്പിച്ച പ്രിയ താരം കലാഭവൻ നവാസ് വിടവാങ്ങിയത്. നടനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

; ഫൈറ്റും ഡാൻസും ഹാസ്യവും ഈ കൈകളില്‍ ഭദ്രം ; നീരജിന്റെ പ്രകടനം കയ്യടിനേടുന്നു

നിയാസ് ബക്കർ ഫേസ്ബുക്കില്‍ പങ്കുവെച്ചത്

ഞങ്ങളുടെ നവാസ് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുകയാണ്. എനിക്ക് നഷ്ടപ്പെട്ടു പോയത് ഒരു അനുജന്‍ മാത്രമല്ല. എന്നേക്കാള്‍ രണ്ട് വയസിനു മാത്രം വ്യത്യാസമുള്ള അവന്‍ എനിക്കൊരു കളിക്കൂട്ടുകാരന്‍ കൂടിയായിരുന്നു. അല്പം കൂടി മുതിര്‍ന്നപ്പോള്‍ തൊഴില്‍ രംഗത്തും ഒരു സഹപ്രവര്‍ത്തകനായി കൂടെത്തന്നെയുണ്ടായിരുന്നു.

കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും തീരുമാനമെടുക്കുമ്പോള്‍ എന്റെ ബലം നവാസും നിസാമുമായിരുന്നു. എന്റെ വലം കൈ ആണ് പോയത്. മരണം സര്‍വ്വേശ്വരന്റെ സുനിശ്ചിതമായ തീരുമാനമാണല്ലോ അതുമായി പൊരുത്തപ്പെടലല്ലാതെ നിസാരരായ നമുക്ക് മറ്റു വഴികളില്ല.

ഉമ്മച്ചിയുടെ ശരീരത്തില്‍ നിന്നും ഞങ്ങളെ വേര്‍പ്പെടുത്തിയതിന്റെ അടയാളങ്ങള്‍ എന്റേയും നവാസിന്റെയും നിസാമിന്റെയും അടിവയറിനു മുകളില്‍ ഒരു പൊക്കിള്‍കുഴിയായി സര്‍വ്വശക്തന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എത്ര മായ്ച്ചാലും മായ്ക്കാന്‍ കഴിയാത്ത അടയാളങ്ങള്‍.മണ്ണോടു ചേരും വരെയും ആ അടയാളത്തിന്റെ അടിവേരുകള്‍ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി നില്‍ക്കും. അത് തിരിച്ചറിയിക്കാന്‍ കൂടെപ്പിറന്നവര്‍ക്ക് പ്രകടനപരമായി ഒന്നും ചെയ്യേണ്ടതില്ല. ചെയ്യുകയുമില്ല. തിരഞ്ഞു വരുന്നവര്‍ക്ക് ബന്ധത്തിന്റെ തീവ്രത സൂചിപ്പിക്കാന്‍ അതിലും വലിയ അടയാളങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.തിരിച്ചറിവ് മാത്രം മതി.

മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ക്കും. കൂടപ്പിറപ്പുകള്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്കും. നഷ്ടപ്പെട്ടവര്‍ നമുക്കൊപ്പമുണ്ടെന്ന ബോധ്യപ്പെടുത്തലിന്റെ ഈ ആശ്വാസക്കുറിപ്പല്ലാതെ മറ്റൊന്നും എനിക്കിന്ന് നല്‍കാനില്ല.

പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയില്‍ അവനെപ്പോഴും ഉണ്ടാകാറുണ്ട്. എങ്കിലും ഓര്‍മ്മപ്പെടുത്തുകയാണ് ഇന്നാണ് നമ്മുടെ നവാസ് മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നത്. ഇന്നത്തെ പ്രാര്‍ത്ഥനയില്‍ അവനെ പ്രത്യേകം ഓര്‍ക്കുമല്ലോ- എന്നാണ് നിയാസിൻറെ പോസ്റ്റ്

കോട്ടയം നസീർ അടക്കമുള്ളവർ നവാസിൻറെ ഓർമ ദിനത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയിട്ടുണ്ട്. ഒരു വർഷം കടന്ന് പോയതേ അറിയുന്നില്ല എന്ന് കോട്ടയം നസീർ പങ്കുവയ്ക്കുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News