മഴക്കെടുതി കൈകാര്യം ചെയ്യുന്നതിലെ സംസ്ഥാന സർക്കാരിന്റെ വീഴ്ചയെയും മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള സമീപനത്തേയും വിമർശിച്ച് ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യം പോലും മുഖ്യമന്ത്രി കൃത്യമായി അഡ്രസ് ചെയ്യുന്നില്ലെന്നും വലിയ വായില്‍ ചിരിച്ചു പരിഹസിക്കുകയാണെന്നും ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.
സ്വകാര്യകോഫി ഷോപ് ഉദ്ഘാടനം ചെയ്യാൻ പോയിട്ട് അടുത്തുള്ള, പ്രളയം ബാധിച്ചു മരിച്ചവരുടെ വീടുകള്‍ സന്ദർശിക്കാത്തത് ചോദ്യം ചെയ്ത പത്രക്കാരനെ വരെ അവഹേളിക്കുകയാണ്. എന്നിട്ട് ആ ക്ലാസിക് ‘പൂക്കി’ ചിരിയും. ചക്ക എന്ന് ചോദിച്ചാല്‍ മത്തയില തോരന്റെ റെസിപ്പി ആണ് ഉത്തരമെന്നും എന്ത് ചോദിച്ചാലും ചിരിച്ചാല്‍ മതിയോ എന്നും ഷിംന വിമർശിച്ചു.
അതേസമയം, പ്രളയം പോലെ വൻ ദുരന്തം നടന്ന സമയത്തും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്ത എല്‍ഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളേയും ഡോ.ഷിംന അസീസ് ചൂണ്ടിക്കാണിച്ചു.
“നാളെ തൊട്ട് നമ്മളൊന്നിച്ചങ്ങ് ഇറങ്ങുകയല്ലേ? ” എന്നൊരു ചോദ്യം അലയടിച്ചിരുന്നു കേരളത്തില്‍. അത് തന്ന ധൈര്യം 2018, 2019 പ്രളയങ്ങളില്‍ നേരിട്ട് ഇറങ്ങി പ്രവർത്തിച്ച ആളെന്ന നിലയില്‍ കൃത്യമായറിയാം. അമ്മാതിരി ടീംവർക്ക് ആയിരുന്നത്. അന്നും പറന്നിരുന്നു ഹെലികോപ്റ്റർ. അതിനകത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദർശിക്കാൻ ഒന്നിച്ചുണ്ടായിരുന്നു. നാട് മുഴുവൻ ഒറ്റ ശബ്‌ദമായ് കൂടെ തന്നെയുണ്ടായിരുന്നു. ഓർമ്മകള്‍ ഉണ്ടായിരിക്കണമെന്നും ഡോ.ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.

