യാത്രകള്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ പലരുടെയും സ്വപ്നയാത്രകള്‍ വിദേശരാജ്യങ്ങളിലേക്കോ കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്കോ ആയിരിക്കും.
വിദേശസൗന്ദര്യത്തെ ഓർമ്മിപ്പിക്കുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. പലപ്പോഴും നമ്മള്‍ അതറിയതെ പോകുന്നു.അത്തരത്തില്‍ പ്രകൃതിയുടെ മനോഹാരിതയും മനസിന് ശാന്തതയും ഒരുമിച്ച് സമ്മാനിക്കുന്ന ഇടമാണ് വയനാട് ജില്ലയിലെ ചെമ്പ്ര കൊടുമുടി.
ചെമ്പ്ര കൊടുമുടി കല്‍പ്പറ്റയില്‍ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഇത് ദക്ഷിണേന്ത്യയിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടികളിലൊന്നാണ്. വയനാടിന്റെയും നീലഗിരി മലനിരകളുടെയും അതിർത്തിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ മലനിരകള്‍ സാഹസിക യാത്രക്കാർക്കും പ്രകൃതി സ്നേഹികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
ചെമ്പ്രയുടെ അടിവാരം വരെ വാഹനത്തില്‍ എത്താം. അവിടെ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. ഏകദേശം നാലര കിലോമീറ്റർ ദൈർഘ്യമുള്ള ട്രക്കിംഗ് പൂർത്തിയാക്കാൻ സാധാരണയായി മൂന്ന് മണിക്കൂർ വരെ വേണം. കയറുന്നതിനിടെ കാടും മഞ്ഞും മലനിരകളുമൊക്കെ ചേർന്ന കാഴ്ചകള്‍ യാത്രയെ കൂടുതല്‍ മനോഹരമാക്കും. ചെമ്പ്രയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളില്‍ ഒന്നാണ് ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം. 'ഹാർട്ട് ലേക്ക്' എന്നറിയപ്പെടുന്ന ഈ തടാകം കാണാനായി മാത്രം നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.
വർഷം മുഴുവൻ പച്ചപ്പോടെ നിലനില്‍ക്കുന്ന ഈ തടാകം ചെമ്പ്രയുടെ മുഖമുദ്ര തന്നെയാണ്. ചെമ്പ്ര കൊടുമുടിയിലെ ട്രക്കിംഗ് നിയന്ത്രിക്കുന്നത് വനംവകുപ്പിന്റെ വി.എസ്.എസ് ഇക്കോ ടൂറിസം വിഭാഗമാണ്. പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും മനസ്സിന് ശാന്തതയും ഒരുമിച്ച് തേടുന്നവർക്ക് ചെമ്പ്ര തീർച്ചയായും മറക്കാനാവാത്തൊരു അനുഭവമായിരിക്കും.

