18 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കഴിഞ്ഞ വർഷം ആദ്യമായി കിരീടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ വിജയാഹ്ലാദങ്ങള്‍ക്ക് ശേഷം ഡ്രസിങ് റൂമിലെത്തിയ വിരാട് കോഹ്ലി ടീം ക്യാപ്റ്റനെ കുറിച്ച് പറഞ്ഞതിങ്ങനെ. ‘Injury replacement to IPL-winning captain… bloody hell, that’s a turnaround’ എന്ന്. ഈ ഒരു വാചകത്തിലുണ്ടായിരുന്നു രജത് പാട്ടിദാറിന്റെ ഐപിഎല്‍ കരിയറും.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ ക്രിക്കറ്ററാണ് മധ്യപ്രദേശ് ബാറ്റർ രജത് പാട്ടിദാർ. ഐപിഎല്ലില്‍ ഒരിക്കല്‍ റിലീസ് ചെയ്യപ്പെട്ട, മെഗാ ഓക്ഷനില്‍ അണ്‍സോള്‍ഡായ കഥയും രജത്തിനുണ്ട്. അവിടെ നിന്നാണ് തനിക്ക് ലഭിച്ച അവസരത്തെ കരിയറാക്കി ആ മനുഷ്യൻ മാറ്റിയത്.
2021ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി അരങ്ങേറ്റം കുറിച്ച പട്ടിദാർക്ക് വളരെ കുറച്ച് അവസരങ്ങള്‍ മാത്രമാണ് ലഭിച്ചത്. ആ സീസണിലാകട്ടെ വലിയ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാൻ കഴിഞ്ഞതുമില്ല. അതിന്റെ ഫലം രജത്തിനെ റിലീസ് ചെയ്യലായിരുന്നു.
2022 മെഗാ ലേലത്തിലും ഈ കളിക്കാരനെ ആരും വാങ്ങിയില്ല. ഒരു ഐപിഎല്‍ താരത്തിന്റെ സ്വപ്നം അവിടെ അവസാനിച്ചെന്നായിരുന്നു പലരുടെയും വിലയിരുത്തല്‍. പക്ഷേ ആ കഥയ്ക്കൊരു ട്വിസ്റ്റുണ്ട്. ലുവ്നിഥ് സിസോദിയയ്ക്ക് പരുക്ക് പറ്റിയപ്പോള്‍ രജത് പാട്ടിദാറിനെ ആർസിബി വീണ്ടും വിളിച്ചു. ഇഞ്ചുറി റിപ്ലേസ്മെന്റായി ഒരു ബാക്കപ്പ് ഓപ്ഷനായി മാത്രം.
ആ സീസണിലെ എലിമിനേറ്റർ മത്സരം. വിരാട് കോഹ്ലിയുടെ റണ്‍സ് മഴ കാത്തിരുന്നവർക്ക് രജത് പാട്ടിദാറാണ് ദൃശ്യ വിരുന്നൊരുക്കിയത്. 54 പന്തില്‍ പുറത്താകാതെ 112 റണ്‍സ്, 12 ഫോറുകള്‍, 7 സിക്സറുകള്‍. പ്ലേ ഓഫ്സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറികളിലൊന്ന്.
2022ല്‍ രജത് കളിച്ചത് വെറും 7 മത്സരങ്ങള്‍ മാത്രം. നേടിയത് 333 റണ്‍സ്. 152-ലധികം സ്ട്രൈക്ക് റേറ്റ്. ഒരു സെഞ്ച്വറിയും രണ്ടു അർധസെഞ്ചുറികളും. അടുത്ത രണ്ടു സീസണുകളിലും നല്ല പ്രകടനം. 2023ല്‍ 418 റണ്‍സ്. 2024-ല്‍ 428 റണ്‍സ് അതിനിടയിലും പരുക്കുകള്‍ രജത് പാട്ടിദാറിനെ വേട്ടയാടി.
2025ല്‍ ആർസിബി അവരുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഒരു സൂപ്പർ താരത്തെ പ്രതീക്ഷിച്ചവരെല്ലാം ഞെട്ടി. ക്യാപ്റ്റൻ രജത് പാട്ടീദാർ. ശാന്തത, ധൈര്യം, ടീമിനെ ഒരുമിച്ച് നിർത്താനുള്ള നേതൃപാടവം എന്നിവയാകാം ആർസിബി മാനേജ്മെന്റിനെ രജത് പാട്ടിദാറെന്ന പേരിലേക്ക് എത്തിച്ചത്.
ക്യാപ്റ്റനെ തെരഞ്ഞെടുത്തപ്പോള്‍ ‘ആരാണ് ഇവൻ? അയ്യേ ഇവനോ?’ എന്നെല്ലാം ആരാധകരുടെ ഇടയില്‍ നിന്നുപോലും വിമർശനങ്ങള്‍ ഉയർന്നിരുന്നു. ആ സീസണില്‍ ക്യാപ്റ്റനായ പട്ടിദാർ ബാറ്റ് കൊണ്ടും തിളങ്ങി. 17 മത്സരങ്ങള്‍, 578 റണ്‍സ് 152ലധികം സ്ട്രൈക്ക് റേറ്റ് ഇതിനെല്ലാം ഉപരി 18 വർഷമായി കാത്തിരുന്ന ആർസിബിക്ക് അദ്ദേഹം ആദ്യ ഐപിഎല്‍ കിരീടം സമ്മാനിച്ചു.
അപ്പോള്‍ ക്രിസ് ഗെയ്‌ലോ, എ ബി ഡിവിലിയേഴ്‌സോ ടീമിലില്ല. വിരാട് കോഹ്‌ലിക്ക് പോലും സാധിക്കാതെ പോയത്, ഒരു ഇഞ്ചുറി റിപ്ലേസ്മെന്റായി ടീമിലെത്തിയ താരം ക്യാപ്റ്റനായി നേടിക്കൊടുത്തു. ഈ സീസണിലും രജത് പാട്ടിദാറെന്ന ക്യാപ്റ്റൻ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ ഉയർന്ന നെറ്റ് റണ്‍ റേറ്റോടെ ടേബിള്‍ ടോപിലെത്തിച്ചു.
ഗുജറാത്തിനെതിരായ ക്വാളിഫയർ ഒന്നില്‍ വെറും 33 പന്തില്‍ പുറത്താകാതെ 93 റണ്‍സും നേടി. സീസണില്‍ ഏറ്റവുമധികം സിക്സ് നേടിയ ക്യാപ്റ്റനെന്ന നേട്ടവും രജത് പാട്ടിദാറിന് സ്വന്തം. 254 റണ്‍സാണ് ആർസിബി ആ മത്സരത്തില്‍ നേടിയത്.
പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും വലിയ ടീം സ്കോറുകളില്‍ ഒന്ന്. ഇനി ഫൈനല്‍ പോരാട്ടമാണ്. എതിരാളികള്‍ ഗുജറാത്ത് ടൈറ്റൻസ് തന്നെ. അഹമ്മദാബാദില്‍ രജത് പാട്ടിദാർ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനായി ചരിത്രം ആവർത്തിക്കുമോയെന്ന് കണ്ടു തന്നെ അറിയണം. എങ്കില്‍ ഐപിഎല്‍ സാക്ഷ്യം വഹിക്കുക റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ മറ്റൊരു യുഗമാകും.

