നേപ്പാള്‍ പ്രളയത്തിന് കാരണമായ ഹിമാനിയില്‍ ഇനിയും രണ്ട് തടാകങ്ങള്‍ ഉണ്ടെന്നും ജാഗ്രത തുടരണമെന്നും അധികൃതരുടെ മുന്നറിയിപ്പ്.
എന്നാല്‍ തടാകം കരകവിഞ്ഞൊഴുകാനുള്ള സാധ്യത കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്നും അധികൃതർ വ്യക്തമാക്കി.
രണ്ടാതും പ്രളയം സംഭവിക്കുമെന്ന് ആശങ്കപ്പെടുത്തിയ തടാകത്തിന്റെ വിസ്തീർണം ഏകദേശം 99,000 ചതുരശ്ര മീറ്ററായി കുറഞ്ഞിട്ടുണ്ടെന്ന് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനേക്കാള്‍ ഏകദേശം 21,000 ചതുരശ്ര മീറ്ററിന്റെ കുറവാണിത്. എന്നാല്‍ മഹാപ്രളയത്തിന് കാരണമായ ഹിമാനി തകർന്ന ഭാഗത്ത് 1.2 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള മറ്റൊരു ജലാശയം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. രണ്ട് ജലാശയങ്ങളും പൂർണമായും ഒഴുകിപ്പോകുംവരെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അധികൃതർ.
പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 633 ആയി. കാണാതായവരുടെ എണ്ണം മൂവായിരത്തോട് അടുക്കുകയാണ്. നേപ്പാളില്‍ മാത്രം 626 പേർ മരിച്ചതായും 2,426 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് മേഖലയില്‍ ഏഴ് പേർ മരിക്കുകയും 554 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഏകദേശം 93,000 പേരെ ദുരന്തം ബാധിച്ചതായാണ് കണക്ക്.
അതിർത്തി പ്രദേശത്തെ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥ, തകർന്ന റോഡുകള്‍, ആശയവിനിമയ സംവിധാനങ്ങളിലെ തടസ്സങ്ങള്‍ എന്നിവയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

