പേർഷ്യൻ ഗള്‍ഫ് മേഖലയില്‍ തകർന്ന് വീണ എഫ്-15 ഇ യുദ്ധ വിമാനത്തിലെ യുഎസ് ക്രൂ അംഗത്തെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനിടെ തെക്ക്-പടിഞ്ഞാറൻ ഇറാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു.
ഒരു പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള തസ്നിം വാർത്താ ഏജൻസി ആണ് റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ചയാണ് തെക്കൻ ഇറാനില്‍ എഫ്-15 സ്ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനം ഇറാൻ വെടിവച്ചിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളെ അപകടം നടന്നതിനു പിന്നാലെ കണ്ടെത്തിയെങ്കിലും രണ്ടാമത്തെയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ ഇറാനും അമേരിക്കയും ക്രൂ അംഗത്തിനായി തെരച്ചില്‍ ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ക്രൂ അംഗത്തെ കണ്ടെത്തിയത്.
വിമാനം തകർന്നുവീണതിനു പിന്നാലെ ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ കോഹ്ഗിലുയേയിലെയും ബോയർ- അഹമ്മദിലെയും പർവതപ്രദേശത്ത് യുഎസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇറാൻ വെടിവച്ചതിനു പിന്നാലെ വിമാനത്തിലുണ്ടായിരുന്നവർ സ്വയം ഇജക്‌ട് ചെയ്ത് ചാടിയതായിരുന്നു റിപ്പോർട്ട്. സൈനികനെ കണ്ടെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്ഥിരീകരിച്ചു.
സംഘർഷം ആരംഭിച്ചതിനുപിന്നാലെ ഇറാൻ പ്രദേശത്ത് തകർന്നുവീഴുന്ന ആദ്യത്തെ യുഎസ് വിമാനമായിരുന്നു എഫ്-15. ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു രണ്ട് ദിവസത്തിന് ശേഷമാണ് ഇറാൻ രണ്ട് യുഎസ് സൈനിക വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയത്.

