ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയുടെ ക്ഷീര,മത്സ്യ ബന്ധന, കാര്‍ഷിക മേഖലകള്‍ക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍.
ന്യൂസിലന്‍റില്‍ നിന്നുള്ള ഇറക്കുമതി, തീരുവ രഹിതമാകുന്നതോടെ വലിയ തോതില്‍ സമുദ്രോല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകും. കേരളത്തിന്‍റെ എട്ടിലൊന്ന് മാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍റുമായുള്ള വ്യാപാര കരാര്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് ഉണര്‍വേകുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ വലിയ അവകാശവാദങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നതെങ്കിലും കരാര്‍ ഇന്ത്യയ്ക്ക് ഗുണകരമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പേരുകേട്ട ന്യൂസിലന്‍റില്‍ നിന്നുള്ള ഇറക്കുമതി തീരുവ രഹിതമാകുന്നതോടെ സമുദ്രോല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകും. ആപ്പിള്‍, കിവി, ചെറി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി തീരുവ കുറയും. വനവിഭവങ്ങളുടെ തീരുവയും കുറയ്ക്കും.45 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍റിന്‍റെ ചെറിയ വിപണി ലഭ്യമാക്കുന്നതിനാണ് 150 കോടി ജനങ്ങളുടെ വമ്പന്‍ വിപണി ഇന്ത്യ തുറന്നുകൊടുത്തതെന്ന് സാമ്പത്തിക വിദഗ്ധനായ ജോര്‍ജ്ജ് ജോസഫ് പറഞ്ഞു.
കരാറിലൂടെ നേട്ടമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന പ്രധാന മേഖല ടെക്സ്റ്റൈല്‍സ് കയറ്റുമതി രംഗമാണ്.എന്നാല്‍ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 0.14 ശതമാനം മാത്രമാണ് ന്യൂസിലന്‍റിലേക്കുള്ള ടെക്സ്റ്റൈല്‍സ് കയറ്റുമതിയെന്നിരിക്കെ തീരുവ പൂജ്യമായാലും ഇന്ത്യക്ക് പ്രത്യേകിച്ച് ഗുണമില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.തുകല്‍,പാദരക്ഷ,രാസവസ്തുക്കള്‍ തുടങ്ങി മറ്റ് മേഖലകളുടെ കാര്യത്തിലും സമാനസാഹചര്യമാണെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

