കളവ് പറയുന്ന പ്രതിപക്ഷ നേതാവില്‍ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
ഇത് മുഖ്യമന്ത്രി പദത്തിന് അപമാനമാണെന്നും പുനർജനി കേസില്‍ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ വെള്ള പൂശുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ പ്രതിയായ പുനർജനി കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയ്‌ക്കെതിരെ പറവൂരില്‍ നടത്തിയ ബഹുജന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനർജനിയുമായി ബന്ധപ്പെട്ട് ഒരു കേസും നിലവില്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതും കള്ളമാണ്. വിജിലൻസ് കേസ് മാത്രമാണ് അവസാനിച്ചത് എന്നും ഹൈക്കോടതിയില്‍ കേസ് ഇപ്പോഴുമുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കേരള നിയസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം വാങ്ങാതെയാണ് സതീശൻ വിദേശത്തേക്ക് പോയത്. വിദേശ ഫണ്ട് ശേഖരണത്തിന് സംസ്ഥാന സർക്കാരിന് വിദേശത്ത് പോകാൻ കേന്ദ്ര സർക്കാർ അനുമതി നല്‍കിയില്ല. അപ്പോള്‍ എങ്ങനെ വിഡി സതീശന് അനുമതി ലഭിച്ചു എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി- കോണ്‍ഗ്രസ്സ് ഡീലിന്റെ ഭാഗമാണോ ഇതെന്ന സംശയവും അദ്ദേഹം പറഞ്ഞു. അഞ്ഞൂറ് പൗഡ് എങ്കിലും നല്‍കാൻ ആണ് വിഡി സതീശൻ വിദേശത്ത് പ്രസംഗിച്ചത്.
വികലാംഗർ, ഭിന്നശേഷിക്കാർ, ഗ്യഹനാഥൻ ഇല്ലാത്ത കുടുംബം എന്നിവർക്ക് വീട് നല്‍കുമെന്നാണ് സതീശൻ പറഞ്ഞത്. മണപ്പാട് ഫൗണ്ടേഷനായാലും മഞ്ഞാലി നവാസായാലും ബിനാമി സംവിധാനത്തിലൂടെയാണ് പണം കൈമാറിയത്. പുനർജനിയുടെ പേരില്‍ നല്‍കിയ 19 വീടുകള്‍ ഏജൻസികള്‍ സ്പോണ്‍സർ ചെയ്തത് ആണ്. ചിലർക്ക് ചില സംഭാവനകളും കൊടുത്തിട്ടുണ്ട്. ഇത് രണ്ടും രണ്ടാണ്. പുനർജനിയുടെ പേരില്‍ യുകെയില്‍ നിന്നടക്കം പിരിച്ചു കൊണ്ടുവന്ന പണം എന്ത് ചെയ്തെന്ന് സതീശൻ വ്യക്തമാക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വയനാട് 230 വീട് വെക്കാൻ കോടികണക്കിന് രൂപ പിരിച്ചു. ഒരു രൂപ പോലും ഇപ്പോള്‍ ഇല്ലെന്നാണ് പറയുന്നത്. അസംബന്ധ കണക്കാണ് സണ്ണി ജോസഫ് പുറത്ത് വിട്ടത്. കോണ്‍ഗ്രസിന് ഇട്ട തറക്കല്ലിന് മുകളില്‍ ഒരു കല്ല് പോലും വെക്കാൻ സാധിച്ചിട്ടില്ല. പാവപ്പെട്ട മനുഷ്യന്റെ ശവം ചൂണ്ടിക്കാണിച്ചാണ് പണം പിരിച്ചത്. എന്നാല്‍ ഒന്നിനും ഒരു കണക്കും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്റർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അസുഖം പിടിച്ച ഭാര്യ പിതാവിനെ കാണാൻ പോകുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഹെലികോപ്റ്ററിലാണ് വന്നതെങ്കിലും ചിലവ് സ്വന്തമായി എടുക്കണം എന്നും അദ്ദേഹം പറഞ്ഞു. സംരംഭകനെ കാണാൻ പോയെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അവരുടെ പേര് പറയാൻ സാധിച്ചില്ല. മുഖ്യമന്ത്രിക്ക് കളവ് പറയാൻ ഒരു മടിയും ഇല്ല. ദുരന്ത നിവാരണം കൃത്യമായി സർക്കാർ കൈകാര്യം ചെയ്തില്ല. മുഖ്യമന്ത്രി ഇടപെടല്‍ നടത്തിയില്ല. ദുരന്ത നിവാരണത്തിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. ഫോണ്‍ കോളിലൂടെ മുഖ്യമന്ത്രി ഇടപെടല്‍ അവസാനിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ ദുരന്ത സമയത്ത് കൃത്യമായി ഇടപെട്ടു. ക്യാമ്പുകളില്‍ ആവശ്യ വസ്തുക്കള്‍ കൃത്യമായി എത്തിച്ചു. എല്ലാവരും ചേർന്ന് പ്രവർത്തിച്ചു. നിലവിലെ സർക്കാർ ദുരന്തമുണ്ടായി ആദ്യ 5 ദിവസം തിരിഞ്ഞു നോക്കിയില്ല. ക്യാമ്പുകളില്‍ ഔദ്യോഗസ്ഥർ ആരുമില്ല. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ മാതൃക യുഡിഎഫ് സർക്കാർ തകർത്തു

