തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴും കണ്ണൂർ കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല് ഒഴിയുന്നില്ല. സണ്ണി ജോസഫിനെതിരെ വലിയ കോലാഹലങ്ങളുമായി കെ സുധാകരൻ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
സണ്ണി ജോസഫ് കെ സുധാകരനെ ചതിച്ചുവെന്നും ഈ ചതിക്ക് പേരാവൂരില്‍ മറുപടി നല്‍കുമെന്നും പേരാവൂരില്‍ സണ്ണി ജോസഫ് പരാജയപെടുമെന്നും മൈനോറിറ്റി കോണ്‍ഗ്രസ്സ് മുൻ ജില്ലാ പ്രസിഡണ്ട് കെ ആർ ഖാദർ പറഞ്ഞു. കണ്ണൂരില്‍ ടി ഒ മോഹനനും തോല്‍ക്കുമെന്നും സുധാകരനെ സ്‌നേഹിക്കുന്നവർ ഈ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി കെ സുധാകരൻ രംഗത്തെത്തിയത്. തന്നെ സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് സണ്ണി ജോസഫും വി ഡി സതീശനും എഴുതിയെന്ന തരത്തില്‍ പ്രചരിക്കുന്ന കത്ത് വ്യാജമല്ലെന്ന് കഴിഞ്ഞ ദിവസമാണ് കെ സുധാകരൻ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കാൻ ഒരുങ്ങുകയാണെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരൻ അനുകൂലികളുടെ വിമർശനം.

