കേരളത്തില്‍ ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ വീട്ടിലെ കറൻ്റ് ബില്ലും അതിനനുസൃതമായി വർദ്ധിക്കുന്നുണ്ട്.
എസി വാങ്ങുന്നതും കൂടിയിട്ടുണ്ട്. താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നേരത്തെ രാത്രി സമയങ്ങളില്‍ മാത്രമാണ് എസി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും വീടുകളില്‍ എസി ഓണായിരിക്കും. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും കറൻ്റ് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കറൻ്റ് ബില്ല് കണ്ട് ഞെട്ടണ്ടെങ്കില്‍ ഈ ചെറിയ പൊടിക്കൈകള്‍ വീട്ടില്‍ പരീക്ഷിച്ച് നോക്കൂ…
ശരിയായ താപനില
കറൻ്റ് ബില്ല് കുറയ്ക്കുന്നതിനായുള്ള ഏറ്റവും നല്ല എളുപ്പവഴിയാണ് എസിയില്‍ ശരിയായ താപനില സെറ്റ് ചെയ്തുവെക്കുക എന്നത്. 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസാണ് ശരിയായ താപനില. താപനില ഇതിനെക്കാള്‍ കുറയ്ക്കുന്നത് വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണമാകുന്നു.
എ സിക്കൊപ്പം ഫാനും
മുറിക്കുള്ളില്‍ എസിക്കൊപ്പം ഫാനും ഓണാക്കി ഇടുന്നത് മുറി മുഴുവൻ വേഗത്തില്‍ കൂളാകാൻ സഹായിക്കുന്നു.
വാതിലും ജനലും അടച്ചിടുക
വാതിലും ജനലും തുറന്നിടുകയാണെങ്കില്‍ മുറി കൂളാകുന്നതിന് സമയമെടുക്കും. എസിക്ക് കൂടുതല്‍ പണിയെടുക്കേണ്ടിവരും.
ഫില്‍റ്ററുകള്‍ വൃത്തിയാക്കുക
ഫില്‍റ്ററുകള്‍ വൃത്തിഹീനമാണെങ്കില്‍ വായു പ്രവാഹത്തെ ബാധിക്കുകയും എസിയുടെ കാര്യക്ഷമതയെ കുറയ്ക്കുകയും ചെയ്യുന്നു. എസി ഫില്‍റ്ററുകള്‍ രണ്ട് മുതല്‍ നാല് ആഴ്ചകള്‍ കൂടുമ്പോല്‍ വൃത്തിയാക്കുക.
ഉപയോഗിക്കുന്നില്ലെങ്കില്‍ ഓഫ് ചെയ്യുക
എസി ഉപയോഗിക്കുന്നില്ലെങ്കില്‍ ഓഫാക്കിയിടാൻ ശ്രദ്ധിക്കുക. രാത്രി സമയങ്ങളില്‍ ടൈമർ അല്ലെങ്കില്‍ സ്ലീപ്പ് മോഡ് ഓണാക്കിയിടുക.

