ഹോളിവുഡ് സിനിമകളിലേത് പോലെ വലിയ ബഹിരാകാശ യുദ്ധങ്ങളോ സ്പെഷ്യല്‍ ഇഫക്റ്റുകളോ അവതരിപ്പിക്കാതെ തന്നെ നമ്മുടെ സാമൂഹിക യാഥാർത്ഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും ഭാവി സാങ്കേതികവിദ്യയുമായി കൂട്ടിച്ചേർത്തുകൊണ്ട് വ്യത്യസ്തമായ സയൻസ് ഫിക്ഷൻ സിനിമകള്‍ സൃഷ്ടിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ മലയാളത്തിലെ സയൻസ് ഫിക്ഷൻ സിനിമകളുടെ പരിണാമം എടുത്താല്‍ വളരെ ചുരുക്കം ചിത്രങ്ങള്‍ മാത്രമേ കാണാൻ കഴിയുന്നുള്ളു.
1967 ല്‍ പുറത്തിറങ്ങിയ സംവിധായകൻ മഹേഷിന്റെ കറുത്ത രാത്രികളാണ് മലയാളത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയായി അറിയപ്പെടുന്നത്. ആർ എല്‍ സ്റ്റീവൻസന്റെ സ്ട്രേഞ്ച് കേസ് ഓഫ് ഡോ. ജെക്ക്ലിൻ ആൻഡ് മി. ഹൈഡ് എന്ന നോവലിനെ ആസ്പദമാക്കിയാണ് കറുത്ത രാത്രികള്‍ ഒരുക്കിയത്. മെറിലാൻഡ് സ്റ്റുഡിയോയുടെ ബാനറില്‍ നിർമ്മിച്ച ഈ ചിത്രത്തില്‍ മധു, കെ.വി. ശാന്തി, ടി.കെ. ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവ ഡോക്ടറും ശാസ്ത്രജ്ഞനുമായ സന്തൻ (മധു) ഒരു മനുഷ്യനെ അതിശക്തനായ രാക്ഷസനാക്കി മാറ്റാൻ കഴിയുന്ന മരുന്ന് കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സമാന പ്രമേയത്തില്‍ പിന്നെയും മലയാളത്തില്‍ നിരവധി സയൻസ് ഫിക്ഷൻ സിനിമകള്‍ ഉണ്ടായി.

1987 ല്‍ പുറത്തിറങ്ങിയ സംവിധായകൻ ശശികുമാറിന്റെ ജൈത്രയാത്ര എന്ന സിനിമ, മനുഷ്യനെ അദൃശ്യനാക്കാൻ കഴിയുന്ന ഒരു ലോക്കറ്റ് ഉപയോഗിച്ച് പ്രതികാരം ചെയ്യന്ന നായകന്റെ കഥയാണ് പറയുന്നത്.
പത്ത് വർഷത്തെ ഇടവേളയിലാണ് രണ്ട് സയൻസ് ഫിക്ഷൻ സിനിമകള്‍ വന്നത്. അതിനുശേഷം മലയാളത്തില്‍ മികച്ച ഒരു ഒരു സയൻസ് ഫിക്ഷൻ സിനിമ വരുന്നത് 2007 ലാണെന്ന് പറയാം. 1990-കളോടെ മലയാള സിനിമ ഹാസ്യത്തിനും കുടുംബ കഥകള്‍ക്കും പ്രാധാന്യം നല്‍കിത്തുടങ്ങിയിരുന്നു. ഇത്തരം സിനിമകള്‍ക്ക് കിട്ടുന്ന പ്രേക്ഷക സ്വീകാര്യതയും വലിയ ബജറ്റ് മുടക്കി പരീക്ഷണ ചിത്രങ്ങളൊരുക്കാൻ മലയാള സിനിമ ഭയന്നതും മറ്റൊരു കാരണമാണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ അതിശക്തരായ നായകനെ കേന്ദ്രീകരിച്ചുള്ള സിനിമകളിലേക്ക് മലയാളം പൂർണമായും കേന്ദ്രീകരിക്കപ്പെട്ടു. രണ്ടായിരത്തിന് ശേഷം ഇത് കൂടുതല്‍ ശക്തമാവുകയായിരുന്നു. എന്നാല്‍ പുതിയ പരീക്ഷണ ചിത്രങ്ങള്‍ക്കായി പ്രേക്ഷകർ ദാഹിക്കുന്നുണ്ടായിരുന്നു. 2002 ല്‍ കാലചക്രം എന്നൊരു സയൻസ് ഫിക്ഷൻ ചിത്രം പുറത്തിറങ്ങുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
– ഒന്നും അറിയാത്ത കുട്ടിയല്ല ; വിസ്മയ മോഹൻലാലിന്റെ വാക്കുകള്‍ വൈറലാകുന്നു
2007 ലാണ് വിനയന്റെ സംവിധാനത്തില്‍ അതിശയൻ പുറത്തിറങ്ങുന്നത്. മികച്ച കഥയും ശാസ്ത്രത്തിന്റെ ഉപയോഗവുമെല്ലാം ചേർത്ത സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു അതിശയൻ. ബോക്സോഫീസില്‍ മികച്ച വിജയം നേടിയെങ്കിലും തുടർന്നും മലയാളത്തില്‍ സയൻസ് ഫിക്ഷൻ ചിത്രങ്ങള്‍ വരുവാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു.
2007-ല്‍ തന്നെയാണ് അനില്‍ ദാസ് സംവിധാനം ചെയ്ത ഭരതൻ ഇഫക്റ്റ് ഇറങ്ങുന്നത്. ചിത്രം പരാജയമായിരുന്നെങ്കിലും അതില്‍ ഉപയോഗിച്ചിരുന്ന സയൻസ് ഫിക്ഷൻ സിനിമാ ലോകത്ത് ചർച്ചയായി. മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ മധു മുട്ടമാണ് ഭരതൻ ഇഫക്ടിന്റെ രചന നിർവഹിച്ചത്.
ഹൊറർ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുല്‍ സദാശിവന്റെ ആദ്യ സിനിമ റെഡ് റെയിൻ 2013 ലാണ് പുറത്തിറങ്ങുന്നത്. അന്യഗ്രഹജീവികളെ പ്രമേയമാക്കിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ഈ സിനിമയ്ക്കും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ കിട്ടിയിരുന്നില്ല.
അജയ് ദേവലോകയുടെ ഹു (WHO) എന്ന സിനിമ 2018 ലാണ് പുറത്തിറങ്ങുന്നത്. സമയത്തെ ആസ്പദമാക്കിയുള്ള സയൻസ് ഫിക്ഷൻ ഉപയോഗിച്ച് അവതരിപ്പിച്ച ഈ ചിത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചില്ല.
2019 ല്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നൈൻ എന്ന സിനിമ സാങ്കേതിക മികവിന്റെ കാര്യത്തില്‍ മലയാളത്തിലെ ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. പ്രിഥ്വിരാജ് സുകുമാരൻ നായകനായ ഈ ചിത്രത്തിലെ സയൻസ് ഫിക്ഷൻ രംഗങ്ങള്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു.

2019 ല്‍ തന്നെയാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ പുറത്തിറങ്ങുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച സിനിമയായിരുന്നു ഇത്. വിഎഫ്എക്സ് ഇല്ലാതെ റിയലിസ്റ്റിക് കഥാസന്ദർഭത്തില്‍ പറഞ്ഞ സയൻസ് ഫിക്ഷൻ സിനിമ എന്ന രീതിയില്‍ വലിയ ശ്രദ്ധനേടിയ സിനിമയായിരുന്നു ഇത്.
2021 ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി പൂർണ അർത്ഥത്തില്‍ ഒരു സയൻസ് ഫിക്ഷൻ സിനിമയായിരുന്നില്ല. എങ്കിലും ടൈം ലൂപ്പ്, അന്യഗ്രഹജീവികള്‍ തുടങ്ങിയ സയൻസ് ഫിക്ഷൻ ഘടകങ്ങള്‍ കഥയില്‍ സ്വാഭാവികമായി ഇഴചേർത്തിട്ടുണ്ട്.
2021 ലാണ് ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി പുറത്തിറങ്ങുന്നത്. നടൻ ബേസില്‍ ജോസഫ് ആയിരുന്നു സംവിധായകൻ. കോവിഡ് സമയത്ത് ഒടിടിയിലൂടെയാണ് മിന്നല്‍ മുരളി പ്രേക്ഷകന് മുന്നിലേക്കെത്തുന്നത്. ലോകമാകെ മിന്നല്‍ മുരളിയെ ഏറ്റെടുത്തു. മലയാള സിനിമയില്‍ നിന്നും ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി അത് മാറി. മലയാളത്തിലെ സിനിമകള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രേക്ഷകർ ഉണ്ടാകാൻ ഇതൊരു കാരണമായിരുന്നു. കൂടുതല്‍ ബജറ്റ് മുടക്കി ഇപ്പോഴത്തെ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തോടെ മികച്ച സയൻസ് ഫിക്ഷൻ സിനിമകളൊരുക്കാൻ നിർമ്മാതാക്കള്‍ക്ക് ധൈര്യം പകർന്ന സിനിമ കൂടിയായിരുന്നു മിന്നല്‍ മുരളി.

2022 ല്‍ പുറത്തിറങ്ങിയ സന്തോഷ് ശിവന്റെ ജാക്ക് എൻ ജില് ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമായിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2022 ല്‍ കൃഷ്ണേന്തു കലേഷ് സംവിധാനം ചെയ്ത പ്രാപ്പെട മറ്റൊരു സയൻസ് ഫിക്ഷൻ ചിത്രമാണ്. നിരൂപക പ്രശംസകള്‍ നേടിയ ഒരു സിനിമയായിരുന്നു അത്. 2023 ല്‍ എസ് ബാബു സംവിധാനം ചെയ്ത പെൻഡുലം ഒരു മിസ്റ്ററി ത്രില്ലറാണ്. ഒടിടിയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു ഇത്.
സംവിധായകൻ കൃഷാന്തിന്റെ സിനിമകള്‍ മലയാളത്തിലെ മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളാണ്. സമകാലിക മലയാളം സിനിമയില്‍ വലിയ ബജറ്റിന്റെ ബഹളമോ വലിയ നായകരുടെ പ്രാതിനിധ്യമോ ഇല്ലാതെ എങ്ങനെ സയൻസ് ഫിക്ഷൻ ഒരുക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൃഷാന്തിന്റെ സിനിമകള്‍. ആവാസവ്യൂഹം, മസ്തിഷ്ക മരണം എന്നിവയെല്ലാം മികച്ച ഉദാഹരണമാണ്.
അരുണ്‍ ചന്തുവിന്റെ സംവിധാനത്തില്‍ 2024 ല്‍ പുറത്തിറങ്ങിയ ഗഗനചാരി മലയാളത്തിലെ മറ്റൊരു പ്രധാന സയൻസ് ഫിക്ഷൻ സംരംഭമാണ്. അന്യഗ്രഹ ജീവികളുടെയും മനുഷ്യരാശിയുടെയും ശാസ്ത്രത്തിന്റെയും വിവിധ തലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ മനോഹരമായ ചിത്രമായിരുന്നു ഇത്.
2025 ലാണ് ലോക ചാപ്റ്റർ 1 ഇറങ്ങുന്നത്. സയൻസ് ഫിക്ഷൻ ഗണത്തില്‍പ്പെടുത്താവുന്ന ഒരു സിനിമയല്ലെങ്കിലും മിത്തും വിശ്വാസങ്ങളും ചേർന്ന് ആധുനിക സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഫാന്റസി ഫിക്ഷൻ സൂപ്പർ ഹീറോ സിനിമയായിരുന്നു ഇത്. മലയാളത്തിലെ ആദ്യത്തെ മുന്നൂറ് കോടി ക്ലബ്ബിലിടം നേടിയ സിനിമയായി ലോക മാറി. ലോകയുടെ വിജയത്തോടെയാണ് വലിയ മുതല്‍മുടക്കിലുള്ള സിനിമകളൊരുക്കാൻ മലയാളം ധൈര്യപ്പെട്ടുതുടങ്ങിയത്. ലോകയ്ക്ക് ശേഷം പ്രഖ്യാപിച്ച സിനിമകളിലെല്ലാം അമിതമായ ഫാന്റസിയുടെയും സയൻസ് ഫിക്ഷന്റെയും സ്വഭാവം ഉണ്ടായിരുന്നു.
ഏറ്റവും ഒടുവിലായി ഇപ്പോള്‍ പ്ലൂട്ടോ എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയില്‍ സംവിധായകൻ ആദിത്യൻ ചന്ദ്രശേകർ ഒരുക്കിയ പ്ലൂട്ടോ-യ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജയസൂര്യ നായകനായ കത്തനാർ ആണ് ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ഫാന്റസി ത്രില്ലർ സ്വഭാവത്തിലുള്ള സിനിമ. മാത്രമല്ല സയൻസ് ഫിക്ഷൻ, ഫാന്റസി സ്വഭാവത്തിലുള്ള നിരവധി സിനിമകളുടെ ചർച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
ഈയൊരു സിനിമാചരിത്രം പരിശോധിക്കുമ്പോള്‍ അടുത്തകാലത്തായി മാത്രമാണ് മലയാള ചലച്ചിത്രരംഗത്ത് സയൻസ് ഫിക്ഷൻ, ഫാന്റസി കഥകള്‍ കൂടുതലായി വന്നിട്ടുള്ളതെന്ന് മനസിലാക്കാം. വലിയ മുതല്‍മുടക്ക്, മികച്ച സിജിഐ വിഎഫ്എക്സ് എന്നിവയുടെ നിർമാണച്ചെലവ്, കേരളത്തിന്റെ പരിമിതമായ വിപണി എന്നിവയെല്ലാമാണ് ഇതുവരെയും മലയാളസിനിമയുടെ മുന്നില്‍ തടസ്സങ്ങളായി ഉണ്ടായിരുന്നത്. എന്നാല്‍ ഈ പരിമിതികളെ ഇപ്പോള്‍ മലയാള സിനിമ തകർത്തിരിക്കുകയാണ്. പാൻ ഇന്ത്യൻ മലയാള സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിലുണ്ടായ ഈ മാറ്റം ഭാവിയില്‍ കൂടുതല്‍ മികച്ച സിനിമകള്‍ വരുന്നതിന് കാരണമാകുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

