കേരളത്തിന്റെ ഭാവി വികസനത്തിനായുള്ള വ്യക്തമായ കാഴ്ചപ്പാടുകളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) പ്രകടനപത്രിക പുറത്തിറക്കി.
കോഴിക്കോട് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രിക പ്രകാശനം ചെയ്തത്.
എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിന് മുന്നേറാനായെന്നും എല്‍.ഡി.എഫിന്റെ വ്യക്തമായ ദിശാബോധമാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ സഹായിച്ചതെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. വികസനം എന്നും മനുഷ്യകേന്ദ്രീകൃതമാകണമെന്നും എല്ലാവരെയും ചേർത്തുപിടിക്കുന്നതാകണം സർക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്ഷേമപ്രവർത്തനങ്ങളിലും പശ്ചാത്തല വികസനത്തിലും വലിയ കുതിച്ചുചാട്ടമാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്.
സാമൂഹിക ക്ഷേമരംഗത്തെ വലിയ മുന്നേറ്റമായി ക്ഷേമ പെൻഷൻ 600 രൂപയില്‍ നിന്നും 2000 രൂപയായി വർധിപ്പിക്കാൻ സർക്കാരിന് സാധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് പൂർത്തിയാക്കിയത്.
പാർപ്പിട രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ച ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷത്തിലധികം വീടുകള്‍ നിർമ്മിച്ചു നല്‍കാനും, നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാനും കഴിഞ്ഞത് സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തി. കൂടാതെ, ആരോഗ്യമേഖലയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി പതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും സർക്കാരിന്റെ വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

