രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാവശ്യവുമായി പത്തനംതിട്ടയില്‍ ഫ്ലക്സ് ബോർഡ് ഉയർന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പേരിലാണ് പത്തനംതിട്ട ഡിസിസി ഓഫീസിന് സമീപം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
കേരളത്തിന്റെ സ്പന്ദനം അറിയുന്നവൻ കേരളം നയിക്കട്ടെയെന്നാണ് ബോർഡിലുള്ളത്.
അതേസമയം, സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. നേതൃത്വത്തെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ലെന്നും ദില്ലിയില്‍ അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നിയുക്ത എംഎല്‍എമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം നാളെയെന്ന് കെപിസിസി പ്രസിഡൻ്റ്
വിഷയത്തില്‍ ചർച്ചകള്‍ക്കായി ഹൈക്കമാൻഡ് പ്രതിനിധികളായ മുകള്‍ വാസ്നിക്കും അജയ് മാക്കനും ഇന്ന് കേരളത്തിലെത്തും. മൂന്നര മണിയോടെ എത്തുന്ന ഇവർ എംഎല്‍എമാരുമായും മറ്റ് മുതിർന്ന നേതാക്കളുമായും വിശദമായ ചർച്ചകള്‍ നടത്തും. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം ഇവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുകയും, തുടർന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉള്‍പ്പെടുന്ന നേതൃത്വം അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.

