രാജ്യത്തെയാകെ കോർപ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര നിലപാടുകളാണ് നാളുകളായി കാണാൻ സാധിക്കുന്നത്.
അതില്‍ നിന്നും ഇത്രയും നാള്‍ വേറിട്ട് നിന്നത് കേരളമെന്ന തുരുത്തായിരുന്നു. എന്നാല്‍ ഇനി നമ്മുടെ നാടും കോർപ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കാഴ്ചകളാണ് കാണാൻ പോകുന്നത്. ഇതിനായി കോണ്‍ഗ്രസ് ബി ജെ പിയുമായും കോർപ്പറേറ്റുകളുമായും കൈകോർക്കുകയാണ്. കേരളതീരത്തെ അപൂർവ ധാതുസമ്പത്ത് കൊള്ളയടിക്കാനും ബിജെപി-കോണ്‍ഗ്രസ് -കോർപ്പറേറ്റ് “ഡീല്‍' ഉറപ്പിച്ചിട്ടുണ്ട്. ആണവോർജ ഉല്‍പ്പാദനത്തിനും പ്രതിരോധ മേഖലയ്ക്കും അത്യന്താപേക്ഷിതമായ തോറിയം അടങ്ങിയ മോണോസൈറ്റ് മണല്‍ഖനന മേഖലയിലേക്ക് അദാനി ഗ്രൂപ്പുള്‍പ്പെടെയുള്ള കോർപറേറ്റ് ഭീമന്മാർക്ക് കടന്നുവരാൻ പാകത്തിലാണ് കേന്ദ്രം കരാറുറപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ വി ഡി സതീശൻ മംഗളൂരുവിലേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്രയും അദാനി ഗ്രൂപ്പ് പ്രതിനിധിയുമായും എൻ ഡി എ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഇതിന്റെ ഭാഗമാണെന്ന ചർച്ച ഉയർന്നുകഴിഞ്ഞു. ഭരണ, രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഡീലിന്റെ ഭാഗമാണെന്ന സംശയം ബലപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം അപൂർവധാതുശേഖരമുള്ളത് കൊല്ലം ചവറയിലാണ്.
മോണോസൈറ്റ് അടങ്ങിയ മണല്‍ ഖനനം ചെയ്യാനും സംസ്കരിക്കാനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎല്ലിനും കേരള സർക്കാരിന്റെ കെഎംഎംഎല്ലിനും മാത്രമാണ് നിയമപരമായ അവകാശമുള്ളത്. കരാറിനെത്തുടർന്ന് സ്വകാര്യമേഖലയ്ക്ക് കൂടി ഖനനാനുമതി നല്‍കാനായി മാനദണ്ഡം മാറ്റാനുള്ള നടപടികള്‍കേന്ദ്രം തുടങ്ങി. കേന്ദ്രസർക്കാർ പെർമെനന്റ് മാഗ്നറ്റ് നിർമാണത്തിനായി 7,000 കോടിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും 900കോടി ചെലവുള്ള നിർമാണത്തില്‍ പാകപ്പിഴയുണ്ടായാല്‍ വൻതുക പിഴയൊടുക്കേണ്ടി വരും. ഇത് പൊതുമേഖലാ സ്ഥാപനങ്ങളെ ഭയപ്പെടുത്തി പിന്മാറ്റാനും സ്വകാര്യ കമ്പനികള്‍ക്ക് ഇളവുകളോടെ ടെൻഡർ നല്‍കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഇതോടെ അദാനി ഗ്രൂപ്പിനടക്കം കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡിഷ തീരങ്ങളില്‍ ഖനനത്തിന് വഴിതുറക്കും.
ജീവിതം ഇനിയും ദുസഹമാകും; ചില്ലറ വിപണിയില്‍ വില കുതിക്കുമെന്ന് സ്ഥിരീകരിച്ച് മോദി സർക്കാർ
അദാനി ഗ്രൂപ്പ് ഇതിനകം കണ്‍സോർഷ്യം രജിസ്റ്റർ ചെയ്ത് ഖനനാനുമതി കാത്തിരിക്കുകയാണ്.കെഎംഎംഎല്‍ കണ്‍സോർഷ്യത്തില്‍ സർക്കാർ നിലപാട് നിർണായകമാണ്. സ്വകാര്യവല്‍ക്കരണ നീക്കങ്ങളെ പ്രതിരോധിക്കാൻ എല്‍ഡിഎഫ് സർക്കാർ കെഎംഎംഎല്‍, ടിടിപിഎല്‍, എൻഎഫ്ടിഡിസി, കോള്‍ ഇന്ത്യ എന്നിവയെചേർത്ത് പൊതുമേഖലാ കണ്‍സോർഷ്യം രൂപീകരിക്കാൻ ധാരണയായിരുന്നു. കോള്‍ ഇന്ത്യയുടെ പണം ഉപയോഗിച്ച് 900 കോടിയുടെ ടെൻഡറില്‍ സംയുക്തമായി പങ്കെടുക്കാനായിരുന്നു നീക്കം. എന്നാല്‍, യുഡിഎഫ് സർക്കാർ ഇതുമായി മുന്നോട്ടുപോകുമോ എന്നതിനെ ആശ്രയിച്ചാണ് തീരദേശ ധാതുസമ്പത്തിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭാവി.

