കാലവർഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി.
കലാവർഷത്തിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ ഉള്‍പ്പെടെയുള്ള ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദേശം നല്‍കി. ഉത്തരവ് പ്രകാരം രണ്ട് ആക്‌സിലില്‍ കൂടുതലുള്ള ട്രക്കുകള്‍, ലോറികള്‍, ടാങ്കറുകള്‍, ട്രെയിലറുകള്‍, കണ്ടെയ്നർ വാഹനങ്ങള്‍, മറ്റ് വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല.

