Dailyhunt
മഴക്കാലം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഒപ്പം കഴിക്കേണ്ടവയും

മഴക്കാലം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഒപ്പം കഴിക്കേണ്ടവയും

Kairali News 4 years ago

മഴക്കാലം, മിക്കവരുടെയും പ്രിയപ്പെട്ട സമയമാണ്. ഭക്ഷണ പ്രേമികളാണെങ്കില്‍ മഴയുടെ മാസങ്ങളെന്നാല്‍ അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പല ഭക്ഷണങ്ങളും ആസ്വദിക്കാനുള്ള കാലം കൂടിയാണ്.

ഇത്തരത്തില്‍ മഴ സീസണ്‍ നമ്മളില്‍ അധികപേരും സന്തോഷത്തോടെ സ്വീകരിക്കാറുണ്ടെങ്കിലും ഇത് രോഗങ്ങളുടെ കൂടി കാലമാണെന്നത് ഒട്ടുമേ മറന്നുകൂടാത്ത വസ്തുതയാണ്.

എല്ലായ്‌പ്പോഴും നനഞ്ഞിരിക്കുന്ന ചുറ്റുപാടുകള്‍ രോഗാണുക്കളായ സൂക്ഷ്മജീവികള്‍ പെരുകുന്നതിന് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നു. സാധാരണ സീസണല്‍ രോഗങ്ങളായ പനി, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പുറമെ മലേരിയ, ഡെങ്കു, ടൈഫോയ്ഡ് എന്നിങ്ങനെയുള്ള ഗുരുതര രോഗങ്ങളും മഴക്കാലത്താണ് തല പൊക്കുന്നത്.

അതിനാല്‍ തന്നെ മഴക്കാലത്തെ ആരോഗ്യപരിരക്ഷയ്ക്ക് അല്‍പം കൂടി കരുതലെടുക്കേണ്ടതുണ്ട്. ജീവിതരീതികളില്‍ പല മാറ്റങ്ങളും ഇതിന് അനുസരിച്ച്‌ വരുത്താം. ഡയറ്റുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കാനുള്ള ചിലത് മാത്രമാണ് ഇനി പങ്കുവയ്ക്കുന്നത്. മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളുണ്ട്. അതുപോലെ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണവുമുണ്ട്. ആദ്യം ഒഴിവാക്കേണ്ട, പ്രധാനപ്പെട്ട നാല് ഭക്ഷണങ്ങളെ കുറിച്ചറിയാം.

സ്ട്രീറ്റ് ഫുഡ് ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും. ചാട്ടുകളോ, സമൂസയോ, ചൂട് ബജിയോ ഒക്കെ ഇത്തരത്തില്‍ നിരവധി പേരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നാല്‍ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം മഴക്കാലത്ത് ആദ്യമേ സൂചിപ്പിച്ചത് പോലെ എല്ലായിടത്തും നനവിരിക്കുന്നതിനാല്‍ രോഗാണുക്കളുടെ വ്യാപനം വളരെ വേഗത്തിലായിരിക്കും. അല്‍പം ശുചിത്വപ്രശ്‌നം നേരിട്ടാല്‍ തന്നെ ഭക്ഷണം എളുപ്പത്തില്‍ മലിനമായി മാറാന്‍ സാധ്യതകളേറെയാണ്. ഇത് ഭക്ഷണത്തിലൂടെ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളിലേക്കോ അസുഖങ്ങളിലേക്കോ നയിച്ചേക്കാം.

മഴക്കാലത്ത് ഏറെ പേരും കഴിക്കാന്‍ ആഗ്രഹിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്ന തരം ഭക്ഷണമാണ് ഫ്രൈഡ് ഫുഡുകള്‍. എന്നാല്‍ മഴയുടെ സീസണില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് വേണ്ടത്. കാരണം മഴക്കാലത്ത് ദഹനപ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും നടക്കുക. അങ്ങനെ വരുമ്ബോള്‍ ഫ്രൈഡ് ഫുഡുകള്‍ ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകളേറെയാണ്.

മീന്‍ വിഭവങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവരുടെ മറ്റൊരു പ്രിയപ്പെട്ട മേഖലയാണ് സീ ഫുഡ്. മഴക്കാലം കടല്‍ വിഭവങ്ങളുടെ പ്രജനനകാലം കൂടി ആയതിനാല്‍ ഈ സമയത്ത് ഇവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ജലജന്യമായ അസുഖങ്ങള്‍ക്കുള്ള സാധ്യത ഇതുണ്ടാക്കുന്നു.

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണമാണ് ഇലക്കറികള്‍. എന്നാല്‍ മഴക്കാലത്ത് ഇലക്കറികള്‍ അത്ര കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, മഴയുള്ളപ്പോള്‍ ഇലകളില്‍ ബാക്ടീരിയ- ഫംഗസ് ബാധ കൂടുതലായിരിക്കും. അവ ശരീരത്തിലെത്തിയാല്‍ പല രോഗങ്ങള്‍ക്കും, ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. അഥവാ ഇവ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ ചൂടുവെള്ളത്തില്‍ മുക്കിയെടുത്ത ശേഷം മാത്രം പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കുക.

മഴക്കാലത്ത് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദീകരിച്ചത്. ഇനി കഴിക്കേണ്ട ചിലതിനെ കുറിച്ച്‌ കൂടി അറിയാം. സീസണലായി വരുന്ന പഴങ്ങള്‍, നട്ട്‌സ്, വള്ളികളിലുണ്ടാകുന്ന പച്ചക്കറികള്‍ (കുമ്ബളം, പടവലം, വെള്ളരി, പാവയ്ക്ക പോലുള്ളവ) എന്നിവയെല്ലാം മഴക്കാലത്ത് നന്നായി കഴിക്കാം.

ഡയറ്റില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വെള്ളമാണ്. മഴയുള്ളപ്പോള്‍ ദാഹം കുറവായിരിക്കുന്നതിനാല്‍ മിക്കവരും വെള്ളം കുടിക്കാന്‍ വിട്ടുപോകും. ഇത് പല അസുഖങ്ങളിലേക്കും ക്രമേണ വഴിവയ്ക്കും. അതിനാല്‍ വെള്ളം ഓര്‍ത്തുവച്ച്‌ ഇടവിട്ട് കുടിക്കാന്‍ ശ്രദ്ധിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News