കോഴിക്കോട് മുക്കത്ത് എംഡിഎംഎ കേസ് പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ.
ഇത് സംബന്ധിച്ച് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. എംഡിഎംഎ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഹനീഫയാണ് തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ട്രെയിനില്‍ നിന്ന് ചാടി രെക്ഷവേട്ടത്.
പ്രതി രക്ഷപ്പെട്ട സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു പ്രതി ഇത്തരത്തില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതി അതീവ സുരക്ഷാ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാൻ ഇടയാക്കിയതില്‍ അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ട്. അതില്‍ അവർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു.
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി; നെയ്യാറ്റിൻകരയില്‍ യുവാവ് പിടിയില്‍
പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള അനാസ്ഥയോ അവിശുദ്ധ കൂട്ടുകെട്ടോ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഒളിവില്‍ പോയ പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മുക്കം മിനി സിവില്‍ സ്റ്റേഷൻ പരിസരത്തു നിന്നും വാടകവീട്ടില്‍ നിന്നുമായി ഏകദേശം 2.8 കിലോഗ്രാമിലധികം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മുഹമ്മദ് ഹനീഫയെയും കൂട്ടാളിയെയും പൊലീസ് പിടികൂടുന്നത്. മുക്കം പൊലീസ് ഇൻസ്‌പെക്‌ട്ടർ ഉളപ്പെടുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും പ്രതിയെ തേടി ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

