നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികളെ കൃത്യമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. മുൻപും തിരിച്ചടികളില്‍ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എകെജി സെൻ്ററില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ പരാജയമാണ് എല്‍ഡിഎഫ് നേരിട്ടത്. പാർട്ടി ഘടകങ്ങളെയും എല്‍ഡിഎഫ് ഘടകകക്ഷികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ അഭിപ്രായം കൂടി എടുത്തു കൊണ്ടായിരിക്കും തിരിച്ചടിയെ കുറിച്ചുള്ള വിലയിരുത്തല്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കുമെന്നും എല്ലാ സഖാക്കളും പറയുന്നത് കേള്‍ക്കുമെന്നും പ്രാഥമികമായ പരിശോധന മാത്രമാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് നടത്തുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പുറഞ്ഞു.
പാർട്ടിയെക്കുറിച്ച് സഖാക്കള്‍ക്ക് സ്വതന്ത്രമായി അവരുടെ ഘടകങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാം. അതിന് അവസരം ഒരുക്കണം എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം, രണ്ടുദിവസത്തെ ജില്ലാ കമ്മിറ്റി എന്നിവ ചേരും. കേരളത്തിലെ മുഴുവൻ ഏരിയ കമ്മിറ്റികളും ചേരും, ലോക്കല്‍ കമ്മിറ്റി യോഗങ്ങളും ബ്രാഞ്ച് യോഗങ്ങളും ചേരും. യോഗങ്ങളിലെ ചർച്ചകള്‍ കൂടി പരിഗണിച്ചാവും പാർട്ടി തുടർനടപടി സ്വീകരിക്കുക. ഇതിലൂടെ കൃത്യമായ വിലയിരുത്തല്‍ തയ്യാറാക്കുമെന്നും പാർട്ടി ഉടനീളം കൃത്യതയോടെ കൂടി കാര്യങ്ങള്‍ നടത്താൻ വേണ്ടിയുള്ള നിലപാട് സ്വീകരിക്കുമെന്നും തിരുവനന്തപുരത്ത് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

