നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ റിമാൻഡിലുള്ള പ്രതി അഷ്കറിനെയും കുട്ടിയുടെ അമ്മ അഖിലയെയും കസ്റ്റഡിയില്‍ വാങ്ങാൻ നെടുമങ്ങാട് പൊലീസ്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി. നെടുമങ്ങാട് എസ്ടി\എസ്.സി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി നെടുമങ്ങാട് പോലീസ്. കേസ് നാളെ ഓപ്പണ്‍ കോടതി പരിഗണിക്കും. വെള്ളിയാഴ്ചയോടെ കസ്റ്റഡിയില്‍ വാങ്ങാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം.
അതേസമയം, കേസിലെ പ്രതിയായ അഷ്‌കറിനെതിരെ സ്വന്തം കുടുംബം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതിന് പോലും ഈ പിഞ്ചുകുഞ്ഞിനെ അഷ്കർ അതിക്രൂരമായി മർദ്ദിച്ചിരുന്നു.
കയ്യില്‍ ചുള്ളിക്കമ്പുമായി കസേരയിലിരുന്നാണ് ഇയാള്‍ കുഞ്ഞിനെ ഭയപ്പെടുത്തി ആഹാരം കഴിപ്പിച്ചിരുന്നത്. പ്രതിയുടെ മർദ്ദനം സഹിക്കവയ്യാതെ ഇയാളുടെ അമ്മയും അമ്മൂമ്മയും പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കുഞ്ഞിനെ അഷ്കർ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു.
ഉച്ചയ്ക്ക് ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ എത്തിച്ചെന്നായിരുന്നു രണ്ടാനച്ഛൻ അഷ്കർ പറഞ്ഞത്. എന്നാല്‍ കുട്ടിയെ രണ്ടാനച്ഛൻ സ്ഥിരമായി മർദ്ദിച്ചിരുന്നു എന്ന പരാതിയുമായി കുട്ടിയുടെ അമ്മൂമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും പോലീസിനെ സമീപിച്ചു. ഒരു മാസം മുമ്പ് കുട്ടിയുടെ കൈ ഒടിച്ചതായും അമ്മ കുട്ടിയെ വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ലെന്നും പരാതി ഉയർന്നു. സംഭവം നടക്കുമ്പോള്‍ മാതാവ് അഖില തമിഴ്‌നാട്ടില്‍ നൃത്ത പരിപാടിയിലായിരുന്നു.

