അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തുടർപ്രക്ഷോഭം നടത്താൻ പട്ടികജാതി ക്ഷേമ സമിതി.
ഇതിന്റെ ഭാഗമായി ഈ മാസം 14ന് കണ്ണൂർ മുൻസിപ്പല്‍ ഗ്രൗണ്ടില്‍ പട്ടികജാതി ക്ഷേമ സമിതി പ്രതിഷേധ സംഗമം സംഘടിപ്പിക്കും സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അറിയിച്ചു. പ്രതിഷേധ സംഗമം കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്യും. നിതിൻ രാജിന്റെ കുടുംബത്തിന് പി.കെ.എസ് സംസ്ഥാന കമ്മിറ്റി ഇന്ന് രണ്ട് ലക്ഷം രൂപ ധനസഹായമായി കൈമാറി.
ഇതിനിടയില്‍, കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായും അവർ ആന്ധ്രയിലും, കർണാടകയിലും ഒളിവില്‍ കഴിയുകയാണെന്നു ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ അറിയിച്ചു. വിഷയത്തിന്റെ തുടക്കം മുതല്‍ സംഘടനയും പാർട്ടിയും നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നും എന്നാല്‍ കുടുംബത്തിൻറെ ദൗർബല്യം മുതലെടുത്തുകൊണ്ട് ഇടതുപക്ഷത്തെയും സർക്കാറിനെയും ആക്ഷേപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പട്ടികജാതിക്കാരുടെ ഉയർച്ചയില്‍ കുഴപ്പം സൃഷ്ടിക്കാൻ ചിലർ ബോധപൂർവ്വമായ ഇടപെടല്‍ നടത്തുന്നു എന്നും ആ ഇടപെടലിനെതിരെ കൂടിയാണ് കണ്ണൂരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നും സുരേഷ് കുമാർ പറഞ്ഞു.

