തിരുവനന്തപുരം ജില്ലയിലെ കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവൻ നായർ കൊല്ലപ്പെട്ട കേസില്‍, കാര്യസ്ഥൻ രവീന്ദ്രൻ നായരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
2017 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കരമനയിലെ കൂടത്തില്‍ തറവാട്ടില്‍ നടക്കുന്ന മരണങ്ങളിലെ ദുരൂഹത സംബന്ധിച്ച് നേരത്തെ തന്നെ നാട്ടുകാർക്കും ബന്ധുക്കള്‍ക്കും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ജയമാധവൻ നായരുടെ മരണത്തോടെ ഈ സംശയം ബലപ്പെട്ടു. ജയമാധവൻ നായരെ മരിച്ച നിലയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായ വിവരം അയല്‍വാസികളെ അറിയിച്ചിരുന്നില്ലെന്നും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതില്‍ അസ്വഭാവികത ഉണ്ടെന്നും അന്ന് തന്നെ പരാതി ഉയർന്നു.
അസ്വാഭാവിക മരണത്തിനാണ് കരമന പൊലീസ് അന്ന് കേസ് എടുത്തത്. പക്ഷേ തെളിവുകളുടെ അഭാവത്തില്‍ ആ കേസ് എഴുതിത്തള്ളി. നാട്ടുകാരനായ പൊതുപ്രവർത്തകൻ അനിലും കുടുംബാംഗമായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരിയും പരാതി നല്‍കിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. എന്നാല്‍ അവിടെയും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടെയാണ് 2019 ല്‍ കോഴിക്കോട് ജില്ലയിലെ കൂടത്തായി കൊലപാതക പരമ്പര പുറത്തുവരുന്നത്. സമാനമായി കൂടത്തില്‍ തറവാട്ടിലും ഏഴ് പേരോളം പതിനഞ്ച് വർഷത്തിനിടെ ദൂരൂഹ സാചര്യത്തില്‍ മരണപ്പെട്ടതായി ആരോപണം ഉയർന്നു. അങ്ങനെ ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു.
കോടതിയിലെ ഉദ്യോഗസ്ഥനായ രവീന്ദ്രൻ നായരെയും അകന്ന ബന്ധുക്കളെയും ഉള്‍പ്പെടുത്തി പത്തുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പരാതിയിലായിരുന്നു അന്വേഷണം. എന്നാല്‍ തെളിവുകളുടെ അഭാവം അന്വേഷണ പുരോഗതിക്ക് തടസ്സമായി.
ഫോറൻസിക് റിപ്പോർട്ടാണ് കേസില്‍ നിർണായക വഴിത്തിരിവായത്. തലയ്ക്കടിയേറ്റാണ് ജയമാധവൻ നായർ മരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ ജയമാധവൻനായരുടെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചു. അപ്പോഴും അറസ്റ്റിലേക്ക് എത്താനുള്ള തെളിവുകള്‍ ലഭ്യമായിരുന്നില്ല. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നത്തെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ കേസെടുത്ത് വിശദ അന്വേഷണത്തിന് ശുപാർശ നല്കി.
മൂലത്തറയിലേത് ആള്ക്കൂട്ടകൊലയെന്ന് പൊലീസ്; ഏഴ് പേർ കസ്റ്റഡിയില്ബ്രെയിൻ മാപ്പിങ് ഉള്‍പ്പെടെയുള്ള ഫോറൻസിക് പരിശോധനകള്‍ നടത്തിയ ശേഷം തെളിവുകള്‍ ശേഖരിച്ച് ഇന്നലെ രവീന്ദ്രൻ നായരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
15 വർഷത്തിനിടെ ഏഴ് പേർ, കൂടത്തില്‍ തറവാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ കാര്യസ്ഥൻ ജയമാധവൻ നായർ നടത്തിയത് കൊലപാതക പരമ്പരയാണോ എന്നതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്.

