Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഒറ്റ രാത്രി കൊണ്ട് 1700 ജീവൻ കവര്‍ന്ന കാറ്റ്', നിഗൂഢമായ നിയോസ് തടാകം

'ഒറ്റ രാത്രി കൊണ്ട് 1700 ജീവൻ കവര്‍ന്ന കാറ്റ്', നിഗൂഢമായ നിയോസ് തടാകം

Kairali News 2 weeks ago

1986 ഓഗസ്റ്റ് 21 - ഒരു ഗ്രാമം പൂർണമായി നിശബ്ദമായി. എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല. ദൂരെ എവിടെയോ ഇടിമുഴങ്ങുന്നത് പോലെ ചിലർ പുറത്തേക്ക് നോക്കി.

ആകാശം തെളിഞ്ഞിരുന്നു മഴയില്ല, മിന്നലില്ല. പക്ഷേ ഭൂമിക്കടിയില്‍ നിന്ന് ഒരു മുരള്‍ച്ച ഉയർന്നു. അത് ഇടിയല്ലായിരുന്നു. അത് മരണത്തിന്റെ മുന്നറിയിപ്പായിരുന്നു.1700-ലധികം മനുഷ്യരും, നിരവധി മൃഗങ്ങളും ഒറ്റരാത്രി കൊണ്ട് മരണത്തിന് ഇരയായി. ന്യോസ്, കാം, ച, സുബം എന്നീ ഗ്രാമങ്ങള്‍ ഉറക്കത്തിലായിരുന്നു. ആരും ഓടാനോ നിലവിളിക്കാനോ നിന്നില്ല. കാരണം ഒരു കാറ്റായി വന്ന് മരണം അവരുടെ ജീവൻ കൊണ്ടുപോയി.

നിയോസ് തടാകത്തിന്റെ അടിത്തട്ടില്‍, വർഷങ്ങളായി അടിഞ്ഞുകൂടിയ കാർബണ്‍ ഡൈ ഓക്സൈഡ് ഒരു പൊട്ടിത്തെറിക്കായി കാത്തുനില്‍ക്കുകയായിരുന്നു. ഒരു ചെറിയ ഉരുള്‍പൊട്ടല്‍, ഒരു കാറ്റിന്റെ ചലനം മതിയായിരുന്നു നിമിഷങ്ങള്‍ക്കകം ആ സ്ഫോടനം ഉണ്ടായി. പ്രകൃതിദുരന്തത്തിന്റെ ഭയാനകമായ ഒരു മുഖമായിരുന്നു ഇത്. ഒരുകാലത്ത് തടാകത്തിന് ചുറ്റും അഗ്നിപർവ്വത സ്ഫോടനങ്ങള്‍ നടന്നിരുന്നു. ആ സ്ഫോടനങ്ങളിലൂടെ മാഗ്മയിലെ കാർബണ്‍ ഡൈ ഓക്സൈഡ് ഈ തടാകത്തിന്റെ വെള്ളത്തില്‍ ലയിച്ചിരുന്നു.

ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം, വയനാട്ടിലെ ചെമ്പ്ര കൊടുമുടിക്കുമുണ്ട് ചില പ്രത്യേകതകള്‍

ഉയർന്ന മർദ്ദത്തില്‍ തടാകത്തിന്റെ അടിയില്‍ വർഷങ്ങളോളം കാർബണ്‍ ഡൈ ഓക്സൈഡ് അടിഞ്ഞുകൂടി കിടന്നിരുന്നു ഒരു നിശബ്ദ ബോംബ് പോലെ. ഒരു ഭൂകമ്പം, ഒരു ചെറിയ മർദ്ദമാറ്റം, അല്ലെങ്കില്‍ അടിയിലെ അഗ്നിപർവ്വതത്തിന്റെ അനക്കം അതാകാം ഈ ലിംനിക് സ്ഫോടനത്തിന് കാരണമായതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അമിതമായ അളവില്‍ കാർബണ്‍ ഡൈ ഓക്സൈഡ് ഒരു നിമിഷം കൊണ്ട് പുറത്തേക്ക് പൊട്ടിപ്പുറപ്പെട്ടു. വായുവിനേക്കാള്‍ ഭാരമുള്ള ആ വാതകം തടാകത്തിന് മുകളില്‍ ഒരു വലിയ മേഘമായി പൊങ്ങി, പിന്നീട് താഴ്‌വരകളിലേക്ക് നിശബ്ദമായി ഇഴഞ്ഞുപോയി.

ദുരന്തത്തിന്റെ ഭയാനകമായ കാഴ്ചകള്‍ ദൃക്സാക്ഷികള്‍ ഇങ്ങനെ വിവരിക്കുന്നു "രാവിലെ അവർ കണ്ണുതുറന്നത്, കുടുംബാംഗങ്ങളുടെയും മൃഗങ്ങളുടെയും മറ്റ് വന്യജീവികളുടെയും മൃതദേഹങ്ങള്‍ നിലത്ത് നിർജീവമായി കിടക്കുന്ന നിലയിലാണ്. കൂടാതെ, ഈ സംഭവത്തില്‍ 3,000-ത്തിലധികം കന്നുകാലികള്‍ മരിച്ചു. സ്ഫോടനം മൂലമുണ്ടായ തിരമാലകള്‍ കാരണം നിയോസ് തടാകത്തിന് ചുറ്റുമുള്ള മരങ്ങള്‍ നിലംപതിച്ചു."

സംഭവം അറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ശാസ്ത്രജ്ഞർ ഇവിടെ എത്തി. അഗ്നിപർവ്വത വിഷബാധയോ, രഹസ്യ രാസായുധ ആക്രമണമോ ആണെന്ന് ആദ്യം ശാസ്ത്രജ്ഞർ കരുതി. എന്നാല്‍ പിന്നീട് നടത്തിയ പഠനത്തിലാണ് ഇവർ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിലൂടെ അഗ്നിപർവ്വത തടാകങ്ങളെക്കുറിച്ചുള്ള ശാസ്ത്രഗവേഷണത്തിന്റെ കാഴ്ചപ്പാട് തന്നെ മാറി. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് തടാകത്തില്‍ പൈപ്പുകള്‍ സ്ഥാപിച്ചു. തടാകത്തില്‍ അടിഞ്ഞുകൂടുന്ന കാർബണ്‍ ഡൈ ഓക്സൈഡ് വാതകം പതുക്കെ മുകളിലേക്ക് പുറന്തള്ളുന്ന സംവിധാനം നടപ്പിലാക്കി. പ്രദേശത്തെ മറ്റ് അഗ്നിപർവ്വത തടാകങ്ങളിലും ഇതേ സംവിധാനം ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News