നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂർ മണ്ഡലത്തില്‍ പാർട്ടിക്കുണ്ടായ തോല്‍വിക്ക് കാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കണ്ണൂർ മാത്തിലില്‍ സിപിഐഎം പെരിങ്ങോം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിനും എല്‍ഡിഎഫിനും അവമതിപ്പുണ്ടാക്കാനുള്ള നീക്കം മുൻപേയുണ്ടായപ്പോള്‍ അതിജീവിച്ചെങ്കില്‍ ഇത്തവണ പയ്യന്നൂരില്‍ പാർട്ടി തോല്‍വി ഏറ്റുവാങ്ങി. പാർടിയുടെ ശക്തി കേന്ദ്രമായ പയ്യന്നൂരില്‍ പാർടിക്കെതിരെ വികാരമുണ്ടാക്കാൻ നിർഭാഗ്യവശാൻ നേതൃനിരയില്‍ നിന്നു കൊണ്ട് ചിലർ പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പാർടിയുടെ നേതൃനിരയില്‍ നിന്ന് പാർടിക്കെതിരായി പ്രവർത്തിച്ചു. പാർടിക്കെതിരെ നില്‍ക്കുന്നവരുമായി ബന്ധമുണ്ടാക്കി. ഒരു കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത നിലയില്‍ കാര്യങ്ങള്‍ ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടായി. സത്യത്തിനും വസ്തുതക്കും മങ്ങലേറ്റു. പാർടി പ്രവർത്തകർക്കും ബഹുജനങ്ങള്‍ക്കുമിടയില്‍ ആശയ കുഴപ്പമുണ്ടായതോടെ പാർട്ടി തോല്‍വി ഏറ്റുവാങ്ങി.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് പരാജയ കാരണമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. തെറ്റിദ്ധരിപ്പിച്ചത് പാർട്ടിക്കുള്ളില്‍ നിന്നുള്ളവരായപ്പോള്‍ ജനം വിശ്വസിച്ചു. ആരോപണങ്ങളില്‍ പാർട്ടി പറഞ്ഞതില്‍ കാപട്യമില്ല. ഞങ്ങള്‍ ബഹുജനങ്ങളെ വഞ്ചിക്കാറില്ല. പയ്യന്നൂരില്‍ സിപിഐഎമ്മിനെ നെഞ്ചേറ്റി നടക്കുന്ന ആളുകളാണ് കൂടുതല്‍. പയ്യന്നൂരില്‍ പാർട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ടായി.
കൊടുമ്പിരി കൊണ്ട പ്രചാരണം നടന്നാല്‍ സത്യം മറഞ്ഞു നില്‍ക്കും. പാർട്ടിക്കെതിരെ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചാല്‍ ആരായാലും നടപടി എടുക്കുമെന്നും അതാണ് ഈ പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃതലത്തില്‍ നിന്ന് പാർട്ടിയെ തകർക്കാൻ ശ്രമിച്ചത് വലിയ പോറലുണ്ടാക്കി. പാർട്ടിയോടൊപ്പം നില്‍ക്കുന്ന ബഹുജനങ്ങളിലാകെ ആശയക്കുഴപ്പം ഉണ്ടായി. പയ്യന്നൂരിലെ പരാജയം ഗൗരവത്തോടെയാണ് പാർടി കാണുന്നതെന്നും എല്‍ ഡി എഫിന് വോട്ട് ചോർച്ച ഉണ്ടായി എന്നത് ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി എന്ന നിലക്ക് സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. തെറ്റിദ്ധാരണയുടെ ഭാഗമായി നീങ്ങിയവർ പുനർചിന്തനം നടത്തും എന്നാണ് പ്രതീക്ഷ. പാർട്ടി നിലപാടില്‍ കാപട്യവും വഞ്ചനയുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പയ്യന്നൂരില്‍ പാർട്ടി ശത്രുക്കള്‍ നേടിയത് താല്‍ക്കാലിക വിജയം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാലത്തും പാർട്ടിക്ക് ഒപ്പം നിന്നിരുന്ന ചിലർ തെറ്റിദ്ധരിക്കപ്പെട്ടു പോയി.
വി കുഞ്ഞികൃഷ്ണൻ ശത്രുവിൻ്റെ കൈയ്യിലെ കോടാലിയാണ്. ശത്രുവിൻ്റെ കൈയ്യിലെ കോടാലിയായവരാരും പാർട്ടിക്ക് പോറലേല്‍പ്പിക്കാൻ മാത്രം പിന്നീട് വളർന്നിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

