Dailyhunt
'ഫണ്ടെവിടെ വീടെവിടെ കോണ്‍ഗ്രസേ'; കലാശക്കൊട്ടിലും മുഴങ്ങി കേട്ടത് ആ പാരഡി ഗാനം

'ഫണ്ടെവിടെ വീടെവിടെ കോണ്‍ഗ്രസേ'; കലാശക്കൊട്ടിലും മുഴങ്ങി കേട്ടത് ആ പാരഡി ഗാനം

Kairali News 3 weeks ago

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ് കേരളം. കൊട്ടികലാശവും കഴിഞ്ഞതോടെ ഇനി നാളെ നിശബ്ദ പ്രചാരണമാകും നടക്കുക.

അതിനു ശേഷം കേരളം മറ്റന്നാള്‍ വിധിയെഴുതും. പല മുന്നണികളും പല രീതിയിലുളള പ്രചാരണ പരിപാടികളാണ് നടത്തിയിരുന്നത്. അതിനിടെ വൈറലായി മാറിയ ഒരു പാരഡി ഗാനമുണ്ട്, മുണ്ടക്കൈ ദുരന്തബാധിതർക്കെന്ന പേരില്‍ കോണ്‍ഗ്രസ് നടത്തിയ കൊടിയ അഴിമതിക്കെതിരായ ഗാനം. വലിയ രീതിയിലുളള പിരിവ് നടന്നിട്ടും ആ പണമൊന്നും എവിടെയെന്നു പോലും കോണ്‍ഗ്രസ് വ്യക്തമായി പറയുന്നില്ല. കോടികള്‍ പിരിച്ചിട്ടും ഒരു വീടും നിർമിച്ച്‌ നല്‍കാതെ, മലയാളികളെയാകെ വഞ്ചിച്ച കോണ്‍ഗ്രസിനെതിരായ പ്രതിഷേധമാണ് ആ പാരഡി ഗാനത്തിലും പ്രതിഫലിക്കുന്നത്. ഈ ഗാനമാണ് കലാശക്കൊട്ടില്‍ മുഴങ്ങി കേട്ടതും.

"മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോണ്‍ഗ്രസിതല്ല,
വയനാട്ടിലെ വീടിനായി എന്ന് പറഞ്ഞ് പറ്റിച്ചെടുത്തൊരു പൈസയാണല്ലേ..
ഫണ്ടെവിടെ വീടെവിടെ കോണ്‍ഗ്രസേ..
നിങ്ങള്‍ പിരിച്ചതല്ലേ,
ഞങ്ങള്‍ മറന്നെന്ന് വിചാരിക്കല്ലേ.."

എന്നിങ്ങനെ ആണ് ആ വരികള്‍. കുവൈത്തിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ കല കുവൈത്തിന്റെ അബ്ബാസിയ മേഖല പ്രവർത്തകരാണ് ഈ ഗാനത്തിന് പിന്നിലുള്ളത്. അബ്ബാസിയ കെ യൂണിറ്റ് അംഗമായ സെബിൻ ആന്റണിയാണ് പാരഡിഗാനം രചിച്ചത്. സൗഹൃദ കൂടിച്ചേരലിനിടെ സ്വാഭാവികമായി ആലപിച്ച ഗാനം പിന്നീട് റെക്കോർഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വൈറലാകുകയായിരുന്നു. ഇതാണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നടന്ന കലാശക്കൊട്ടിലും മുഴങ്ങി കേട്ടത്.

അലകടല്‍ പോലെ ആവേശം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം, നാളെ നിശബ്ദ പ്രചാരണം

230 വീടുകള്‍ ദുരന്തബാധിതർക്കായി നിർമിച്ചു നല്‍കുമെന്ന വാഗ്ദാനം മാത്രം ബാക്കി, ഒരു വീട് പോലും കോണ്‍ഗ്രസ് ഇതുവരെ നല്‍കിയില്ല. അവരുടെ വാക്ക് കേട്ട് സർക്കാരിന്റെ ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്നു പറഞ്ഞവർ പോലും ഇപ്പോള്‍ തങ്ങള്‍ക്കും വീട് എന്ന സ്വപ്നവുമായി സർക്കാരിനെ സമീപിക്കുന്ന കാഴ്ച പോലും നമ്മള്‍ കണ്ടു. കോണ്‍ഗ്രസിന്റെ 100 വീട്, രാഹുല്‍‌ ഗാന്ധിയുടെ 100 വീട്, യൂത്ത്‌ കോണ്‍ഗ്രസിന്റെ 30 വീട് എന്നിങ്ങനെയുള്ള വാക്കുകള്‍ വെറും പാഴ്വാക്കായി മാറി.

പിരിച്ച പണമെല്ലാം സ്ഥലം വാങ്ങാനും ആപ്പ് നിർമിക്കാനും ചെലവായി പോയി എന്ന് വളരെ നിസാരമായാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. ആവർത്തിച്ചുളള ചോദ്യങ്ങള്‍ക്ക് അവസാനം പൊറുതിമുട്ടിയാണ് ഈ കണക്കുകള്‍ കോണ്‍ഗ്രസ്സ് പുറത്തുവിട്ടത്. അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് പോലും പറയാൻ സാധിക്കില്ല. വയനാടിന്റെ മക്കള്‍ക്കായി പിരിച്ച പണം പോയ വഴി എങ്ങോട്ടെന്ന് ആർക്കുമറിയില്ല. അവർക്കായി പിരിച്ച പണം കോണ്‍ഗ്രസ് ധൂർത്തടിക്കുന്നതായും ആണ് റിപ്പോർട്ടുകള്‍. എന്തായാലും ആരുടെ വായ മൂടി കെട്ടിയാലും സമൂഹം ചോദിച്ചുകൊണ്ടേയിരിക്കും, ആ പണമെവിടെ എന്നും വീട് എവിടെയെന്നും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News