Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായിയുടെ വീട്ടിലെ റെയ്ഡ് ചെന്നിത്തലയെ പൂട്ടാനുള്ള 'ഗേറ്റ്‌വേ'; ചര്‍ച്ചയായി പോസ്റ്റ്

പിണറായിയുടെ വീട്ടിലെ റെയ്ഡ് ചെന്നിത്തലയെ പൂട്ടാനുള്ള 'ഗേറ്റ്‌വേ'; ചര്‍ച്ചയായി പോസ്റ്റ്

Kairali News 3 weeks ago

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് യഥാർത്ഥത്തില്‍ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചുള്ളതാണെന്ന സാംസ്കാരിക പ്രവർത്തകനും, മാധ്യമപ്രവർത്തകനും ആയ മഹജൂബ് എസ്.

വി. യുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയാകുന്നു. പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി 'വെള്ളം തിളപ്പിക്കാൻ' വെച്ചത് യഥാർത്ഥത്തില്‍ ചെന്നിത്തലയ്ക്ക് വേണ്ടിയാണെന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

രണ്ടുവർഷം കഴിയുമ്പോള്‍ കർണാടകയിലെ ഡി.കെ. ശിവകുമാറിനെപ്പോലെ ചെന്നിത്തല മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ട്. അത്തരമൊരു സാധ്യതയെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് മുഖ്യമന്ത്രിയുടെ അറിവോടെ ഇത്തരമൊരു നീക്കം നടക്കുന്നതെന്ന് മഹജൂബ് ആരോപിക്കുന്നു.

എക്സാലോജിക് - സി.എം.ആർ.എല്‍ ഇടപാട് ബാങ്ക് വഴി സുതാര്യമായി നടന്ന ഒന്നാണെന്നും അതില്‍ ദുരൂഹമായി ഒന്നുമില്ലെന്നും മെഹജൂബ് പറയുന്നു. എന്നാല്‍, 135 കോടി രൂപയുടെ കണക്കില്ലാത്ത പണമിടപാടുകളെക്കുറിച്ച്‌ അന്വേഷിക്കാനുള്ള ശ്രമത്തിലാണ് കർത്തായുടെ ഡയറി പൊങ്ങിവന്നതെന്നും അതില്‍ 'RC' എന്ന് രേഖപ്പെടുത്തിയ ചെന്നിത്തല പണം കൈപ്പറ്റിയതായി സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചെന്നിത്തലയിലേക്കും കുഞ്ഞാലിക്കുട്ടിയിലേക്കും അന്വേഷണം എത്തിക്കാനുള്ള ഒരു 'ഗേറ്റ്‌വേ' മാത്രമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് എന്നാണ് മഹജൂബിന്റെ പക്ഷം.

പിണറായിയെ റെയ്ഡ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും അന്വേഷിക്കുന്നില്ല എന്ന് സി.പി.എം ചോദിക്കുമെന്നും, ആ വള്ളി പിടിച്ച്‌ അന്വേഷണം സ്വാഭാവികമായി പ്രതിപക്ഷ നേതാക്കളിലേക്ക് എത്തിക്കാനുമാണ് ഇ.ഡി ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ ചില തീരുമാനങ്ങളും നിയമനങ്ങളും (ഗവർണറുടെ ഉപദേശകനെ എ.ജിയാക്കിയത് ഉള്‍പ്പെടെ) ബി.ജെ.പി ബന്ധത്തിന്റെ സൂചനകളാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

'സതീശന്റെ മറുപടികള്‍ ഡീകോഡ് ചെയ്യാൻ ആംഗ്യഭാഷാ വിദഗ്ദ്ധനെ നിയമിക്കുന്നത് നല്ലതായിരിക്കും': ആദർശ് എം സജി

ചുരുക്കത്തില്‍, ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ ഇ.ഡിയെ കരുവാക്കി നടത്തുന്ന ഒരു രാഷ്ട്രീയ ചെസ്സ് കളിയാണ് കേരളത്തില്‍ അരങ്ങേറുന്നതെന്നാണ് മെഹജൂബ് എസ്. വി. തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

അതേയ്. പോഴത്തമാണെന്ന് തള്ളണ്ട.
ഞാനൊരു കാര്യം പറയാം..
ഇന്നലെ പുലർച്ചെ എഴുന്നേറ്റ് ED വെള്ളം തിളപ്പിയ്ക്കാൻ വെച്ചത് പിണറായിക്ക് വേണ്ടിയല്ല കെട്ടോ…
ഇക്കാര്യത്തില്‍ ഏറ്റവും ജാഗ്രതപ്പെടേണ്ടയാള്‍ സാക്ഷാല്‍ രമേശ് ചെന്നിത്തലയാണ്.
രണ്ടുവർഷം കഴിയുമ്പോള്‍ മുഖ്യമന്ത്രിയാവാൻ കർണാടകയിലെ DK യെപ്പോലെ ചെന്നിത്തല കലാപക്കൊടി ഉയർത്തുമെന്ന് ആർക്കാണറിയാത്തത് ?!
അങ്ങനെയൊരു claim എന്നന്നേക്കുമായി ഇല്ലാതാക്കാനായി മുഖ്യമന്ത്രി നെഹ്റു മേനോൻ്റെ അറിവോടെ വെച്ച വെള്ളമാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ അടുക്കളയില്‍ ഇന്നലെ ED തിളയ്പ്പിയ്ക്കാൻ ശ്രമിച്ചത്.
എക്സാലോജിക് - സി. എം. ആർ. എല്‍ ഇടപാടില്‍ ദുരൂഹമായി ഒന്നുമില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ED യ്ക്ക് തന്നെയാണ് ! രണ്ടു കമ്പനികള്‍ക്കിടയില്‍ നടന്ന ഒരുകോടി എഴുപത്തിരണ്ടുലക്ഷം രൂപയുടെ കരാർ മാത്രമാണത്. രേഖാമൂലം ബാങ്ക് വഴി ഒരു കമ്പനി പണം കൈമാറിയപ്പോള്‍ ടാക്സ് ഒടുക്കിയാണ് മറ്റേ കമ്പനി അത് സ്വീകരിച്ചത്. കൊടുത്ത പൈസയുടെ സേവനം കിട്ടിയിട്ടില്ലെങ്കില്‍ അത് പയേണ്ടത് സി. എം. ആർ. എല്‍ ആണ്. അവരത് പറഞ്ഞിട്ടില്ല. അവർക്ക് പരാതിയുമില്ല. പ്രശ്നം തീർന്നു. പിന്നെ ED യ്ക്കെന്താണ് ഈ വീട്ടില്‍ കാര്യം?
എന്നാല്‍ കാര്യമുണ്ട്.
കണക്ക് കാണിക്കാത്ത 135 കോടി രൂപയ്ക്ക് കണക്കുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇനീഷ്യല്‍ കുറിച്ചുവെച്ച കർത്തായുടെ ഡയറി പൊങ്ങിവന്നത്. അതിലാണ് RC എന്ന സാക്ഷാല്‍ രമേശ് ചെന്നിത്തലയുള്ളത്. പണം പറ്റിയതായി ചെന്നിത്തല സമ്മതിച്ചിട്ടുമുണ്ട്. ഈ പണവുമായി ബന്ധപ്പെട്ട കേസുകളിലേക്ക് കടക്കാനുള്ള 'ഗേയ്റ്റ് വേ' ആണ് പിണറായിയുടെ വീട്ടിലെ റെയ്ഡ്.
പിണറായിയെ റെയ്ഡ് ചെയ്ത നിങ്ങള്‍ എന്തുകൊണ്ട് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കൈപ്പറ്റിയ പണത്തെക്കുറിച്ച്‌ അന്വേഷിക്കുന്നില്ല എന്ന് സി പി എം ചോദിക്കുമെന്ന് ED ക്കും സതീശനുമറിയാം. ആ വള്ളിപിടിച്ച്‌ വളരെ സ്വഭാവികമെന്നോണം പണി തുടങ്ങാം.
അതായത്
ഇനി ED പോകുന്നത് ചെന്നിത്തലയുടെ വീട്ടിലേയ്ക്കാണ് എന്നർത്ഥം.
ED എന്ന് ചോദിയ്ക്കുമ്പോള്‍ മുഖ്യമന്ത്രി നെഹ്റു മേനോൻ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നുനിന്ന് ശബ്ദം പുറപ്പെടുവിയ്ക്കാതെ ആംഗ്യപ്പാട്ട് പാടുന്നത് എന്ന് ഇപ്പോള്‍ മനസ്സിലാകുന്നില്ലേ?
ഇവിടെയാണ് മേനോൻ്റെ 100+ സീറ്റ് പ്രവചനത്തെയും ,ചാർട്ടേഡ് വിമാനയാത്രയേയും ഗവർണറുടെ നിയമോപദേശകനെ അഡ്വക്കറ്റ് ജനറലാക്കിയതിനേയും BJP സീല്‍ കീശയിലിട്ട് നടക്കുന്ന ഖേല്‍ക്കറെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനേയുമൊക്കെ നാം കൂട്ടി വായിക്കേണ്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News