തിരുവനന്തപുരം മംഗലപുരത്ത് തട്ടുകട ഉടമയെ ആക്രമിച്ചെന്ന കേസില്‍ സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ നിരപരാധിയെന്ന് പരാതിക്കാരൻ.
കേരള പോലീസ് അസോസിയേഷൻ നേതാവായ അപ്പുവിനെ കേസില്‍ പ്രതി ചേർത്ത് സസ്പെൻഡ് ചെയ്തത് പ്രതികാര നടപടി എന്നാണ് ആക്ഷേപം. അപ്പുവിന്റെ പേര് തന്റെ പരാതിയില്‍ ഉണ്ടായിരുന്നില്ലെന്നും അപ്പു തന്നെ ആക്രമിച്ചിട്ടില്ലെന്നും കാട്ടി എസ്പിക്കും ഡിവൈഎസ്പിക്കും മൊഴി നല്‍കിയതായും തട്ടുകട ഉടമ ഷിബു കൈരളി ന്യൂസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാത്രി 2:00 മണിയോടെയാണ് പള്ളിപ്പുറത്ത് തട്ടുകട നടത്തുകയായിരുന്ന ഷിബുവിനെ ഒരു സംഘം ആക്രമിച്ചത്. 20 വർഷം മുമ്പുണ്ടായ തർക്കങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മർദ്ദനം. തന്റെ സുഹൃത്തായ നിസാമും കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറല്‍ ജില്ലാ സെക്രട്ടറിയായ അപ്പുവും പിന്നീടാണ് മറ്റൊരു കാറില്‍ അവിടെയെത്തിയത്. നിസാമാണ് സംഘർഷത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയതെന്നും പരാതിക്കാരൻ ആയ തട്ടുകട ഉടമ ഷിബു.
എംജി സർവകലാശാല ആശയങ്ങളുടെ ആയുധപ്പുര; നാട്ടകം സുരേഷിന് മറുപടിയുമായി സഞ്ജീവ് പി.എസ്
എന്നാല്‍ പിന്നീട് കേള്‍ക്കുന്നത് അപ്പുവിനെ അഞ്ചാം പ്രതിയാക്കി കേസെടുത്ത് സസ്പെൻഡ് ചെയ്തു എന്നതാണ്. അപ്പുവിന്റെ പേര് പരാതിയില്‍ ഉണ്ടായിരുന്നില്ലെന്നും അപ്പു തന്നെ ആക്രമിച്ചിട്ടില്ലെന്നും ഷിബു വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്പിക്കും ഡിവൈഎസ്പി ക്കും മൊഴി നല്‍കി എന്നും ഷിബു.
അതേസമയം പോലീസ് അസോസിയേഷൻ നേതാവായ അപ്പുവിനെതിരായ നടപടി രാഷ്ട്രീയ വൈരാഗ്യം എന്നാണ് ആക്ഷേപം. അന്യായമായി സ്ഥലം മാറ്റിയ നടപടിക്കെതിരെ അപ്പു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് കേസും സസ്‌പെൻഷനും എന്നാണ് വിമർശനം. ജൂണ്‍ രണ്ടിന് എസ് പി ലീവില്‍ പ്രവേശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപായിരുന്നു അപ്പുവിനെതിരായ സസ്പെൻഷൻ നടപടി.

