വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ബ്രിജ് ഭൂഷണെ കോടതി വെറുതെ വിട്ടതില്‍ പ്രതികരിച്ച് വിനേഷ് ഫോഗട്ട്.
പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും ഗുസ്തിതാരങ്ങള്‍ പോരാട്ടം തുടരുമെന്നുമാണ് വിനേഷ് ഫോഗട്ട് എക്സിലൂടെ അറിയിച്ചത്. തങ്ങളുടെ ആരോപണങ്ങള്‍ ശരിയാണെന്ന് കോടതിക്ക് കണ്ടെത്താൻ കഴിയാത്തതിനാല്‍ ദുഃഖമുണ്ടെന്നും താരം കുറിച്ചു. ദില്ലി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണെ വെറുതെ വിട്ടത്. കൂട്ടുപ്രതിയായ വിനോദ് തോമറിനെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതിയുടെ നടപടി.
ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കും. കേസിന്റെ തുടക്കം മുതല്‍ സംസ്ഥാന സർക്കാരും മറ്റ് സംവിധാനങ്ങളും ബ്രിജ് ഭൂഷണൊപ്പമായിരുന്നു.. ഭരിക്കുന്ന പാർട്ടിയുടെ നേതാവിനെതിരെ പരാതി ഉന്നയിക്കാൻ ഏറെ ധൈര്യം സംഭരിക്കേണ്ടി വന്നു. സർക്കാരിലെ സ്വാധീനവും രാഷ്ട്രീയത്തിലെ സ്വാധീനവും ബ്രിജ് ഭൂഷണ്‍ ഉപയോഗിച്ചു. ലൈംഗികാതിക്രമ പരാതി നല്‍കിയ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. അവസാനം വരെ ഗുസ്തിതാരങ്ങള്‍ പോരാട്ടം തുടർന്നു. ഞങ്ങളുടെ ആരോപണങ്ങള്‍ ശരിയാണെന്ന് കോടതിക്ക് കണ്ടെത്താൻ കഴിയാത്തതിനാല്‍ ദുഃഖമുണ്ട്. വൈകാതെ തന്നെ അപ്പീല്‍ സമർപ്പിക്കും. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഗുസ്തിതാരങ്ങള്‍ പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് കുറിച്ചു.
മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ബ്രിജ് ഭൂഷണ്‍. ഗുസ്തി താരങ്ങള്‍ക്ക് നേരെ ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ആറ് ഗുസ്തി താരങ്ങളാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകള്‍ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

