മനുഷ്യർ എല്ലാവരും വളരെ സിമ്പിള്‍ ആണ്. വളരെ ചെറിയ കാര്യങ്ങളില്‍ നമ്മള്‍ സന്തോഷം കണ്ടെത്തുമ്പോള്‍, അതുപോലെ ചെറിയ കാര്യങ്ങള്‍ നമ്മളെ അസ്വസ്ഥരാക്കാറുമുണ്ട്.
പുതിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, അതൊന്ന് വേറെ തന്നെയാണ്. അന്നത്തെ ദിവസം തന്നെ നിങ്ങളെ വളരെ പോസിറ്റീവായി നിർത്താൻ ഒരു പക്ഷേ ആ വസ്ത്രങ്ങള്‍ക്ക് സാധിച്ചേക്കാം. പുതിയ വസ്ത്രങ്ങള്‍ പുതുമയും മണവും നിലനില്‍ക്കുമ്പോള്‍ തന്നെ ധരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അതുകൊണ്ട് തന്നെ ധരിക്കുന്നതിന് മുൻപ് നമ്മള്‍ പലരും അത് കഴുകാറില്ല. എന്നാല്‍ അത് നല്ലതാണോ ? കഴുകുന്നത് അവയുടെ ആകർഷണീയത ഇല്ലാതാക്കുമെന്നും, ആദ്യത്തെ കഴുകലിന് ശേഷം പുതുമ മങ്ങുമെന്നുമാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ പുതു വസ്ത്രങ്ങളുടെ വൃത്തിയെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?
വളരെ ദൂരം സഞ്ചരിച്ചാണ് ഇവ നമ്മുടെ കൈകളില്‍ എത്തുന്നത്. ഫാക്ടറികളും വെയർഹൗസുകളും മുതല്‍ ഷിപ്പിംഗ് കണ്ടെയ്നറുകളും റീട്ടെയില്‍ ഷെല്‍ഫുകളും വരെ ഇതില്‍ പെടുന്നു. ഇങ്ങനെയെത്തുന്ന വസ്ത്രം നിരവധി കൈകളിലൂടെയും കടന്നുപോകുന്നു. അവയില്‍ പൊടിയും അഴുക്കും ബാക്ടീരിയകളും പറ്റിപ്പിടിക്കാൻ സാധ്യത ഏറെയാണ്. ഇനി നിങ്ങള്‍ ഒരു കടയില്‍ നിന്നാണ് വസ്ത്രം വാങ്ങുന്നതെങ്കില്‍, അത് ആദ്യമായി ധരിക്കുന്നത് നിങ്ങളാകാൻ സാധ്യതയില്ല. പലരും ട്രയല്‍ നോക്കിയ വസ്ത്രങ്ങളാകാം അത്. മറ്റൊരാളുടെ ചർമ്മത്തില്‍ സ്പർശിച്ച വസ്ത്രം നേരിട്ട് ധരിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് പറയേണ്ടതില്ലല്ലോ.
ഡ്രൈ ഫ്രൂട്ട്സ് ധാരാളം കഴിക്കുന്നത് അത്ര നല്ലതല്ല കേട്ടോ… പാർശ്വഫലങ്ങളുണ്ടാകാം; വിദഗ്ധർ പറയുന്നത്
വസ്ത്രങ്ങള്‍ നിർമ്മിക്കുമ്പോള്‍ അവയുടെ നിറവും മൃദുത്വവും നിലനിർത്താൻ കെമിക്കലുകള്‍ ഉപയോഗിക്കാറുണ്ട്. ഇവ കളയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ധരിക്കുന്നതിന് മുമ്പ് പുതിയ വസ്ത്രങ്ങള്‍ കഴുകുന്നത് നല്ലതാണ്.
വസ്ത്രം നിർമ്മിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കള്‍ നിങ്ങളുടെ ചർമ്മത്തില്‍ അസ്വസ്ഥതകളുണ്ടാക്കാൻ കാരണമാകുമെന്ന് ഗുരുഗ്രാമിലെ മാരെൻഗോ ഏഷ്യ ഹോസ്പിറ്റല്‍സിലെ ഡെർമറ്റോളജി സീനിയർ കണ്‍സള്‍ട്ടന്റായ ഡോ. പ്രിയങ്ക ഹെംരാജനി പറയുന്നു. “വസ്ത്രങ്ങളിലെ രാസവശിഷ്ടങ്ങള്‍ ചർമ്മവുമായി നേരിട്ട് സമ്പർക്കത്തില്‍ വരുമ്പോള്‍, പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവരില്‍ അലർജിയും ചൊറിച്ചിലും വരാൻ സാധ്യതയുണ്ട്.
ചർമ്മരോഗങ്ങളുള്ളവർക്ക് ഇത് കാര്യമായി ബാധിക്കും. സെൻസിറ്റീവ് ചർമ്മമുള്ളവർ, എക്സിമ അല്ലെങ്കില്‍ അലർജി ഉള്ളവർ എന്നിവർ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുമ്പ് തീർച്ചയായും കഴുകണം. ശരീരത്തോട് ഒട്ടിനില്‍ക്കുന്ന വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, വ്യായാമം ചെയ്യുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എന്നിവ കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ വിയർപ്പുമായി ചേർന്ന് ചർമ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്.
എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുമ്പ് കഴുകേണ്ടത് അത്യാവശ്യമായ ഒരു കാര്യമല്ല. പക്ഷേ ഇത് ഒരു എളുപ്പ ചർമ്മസംരക്ഷണ ശീലമായി കരുതുന്നത് നല്ലതാണ്. ചില കോട്ടുകള്‍, ജാക്കറ്റുകള്‍ അല്ലെങ്കില്‍ പ്രത്യേക ചടങ്ങുകള്‍ക്ക് ധരിക്കുന്ന വിലകൂടിയ വസ്ത്രങ്ങള്‍ എന്നിവ കഴുകിയാല്‍ അവയുടെ ഫിനിഷ് നഷ്ടപ്പെട്ടേക്കാം. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുമ്പ് കുറച്ചുനേരം വെയിലത്തോ കാറ്റത്തോ ഇട്ട് വായുസഞ്ചാരം ഉറപ്പാക്കുകയോ അല്ലെങ്കില്‍ ഉള്ളില്‍ മറ്റൊരു വസ്ത്രം ധരിക്കുകയോ ചെയ്യാം.

