ഇന്ത്യൻ റെയില്‍വേയുടെ പ്രവർത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റിങ്, ചരക്ക് നീക്കം എന്നിവയില്‍ സുപ്രധാനമായ അഞ്ച് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു.
ഇതില്‍ യാത്രക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മാറ്റം ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
പുതിയ നിയമപ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറില്‍ താഴെ സമയം മാത്രം ബാക്കിയുള്ളപ്പോള്‍ സ്ഥിരീകരിച്ച (Confirmed) ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഇനി മുതല്‍ റീഫണ്ട് ലഭിക്കില്ല. അവസാന നിമിഷം ടിക്കറ്റുകള്‍ റദ്ദാക്കുന്നത് കുറയ്ക്കാനും സീറ്റുകള്‍ ആവശ്യമുള്ള മറ്റ് യാത്രക്കാർക്ക് അത് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് റെയില്‍വേ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, യാത്രക്കാർക്ക് ആശ്വാസം നല്‍കുന്ന ചില മാറ്റങ്ങളും റെയില്‍വേ അവതരിപ്പിച്ചിട്ടുണ്ട്. മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ യാത്രാ ക്ലാസ് മാറ്റാനോ (Upgrade) കയറുന്ന സ്റ്റേഷൻ (Boarding Point) മാറ്റാനോ സാധിക്കുമായിരുന്നുള്ളൂ എങ്കില്‍, ഇനി മുതല്‍ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇത്തരം മാറ്റങ്ങള്‍ വരുത്താൻ യാത്രക്കാർക്ക് അനുവാദമുണ്ടാകും.
ചരക്ക് നീക്കം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വാഹനങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുപോകാൻ സാധിക്കുന്ന പുതിയ സിംഗിള്‍-ഡെക്ക്, ഡബിള്‍-ഡെക്ക് വാഗണുകളും റെയില്‍വേ പുറത്തിറക്കുന്നുണ്ട്. സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും യാത്രക്കാർക്ക് സൗഹൃദപരവുമാക്കുന്നതിനൊപ്പം റെയില്‍വേ നിർമാണ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും പുതിയ പരിഷ്കാരങ്ങള്‍ ഊന്നല്‍ നല്‍കുന്നു.

