Dailyhunt
സമരാഗ്നിയില്‍ ജ്വലിച്ച വി എസ്; കേരള ചരിത്രത്തില്‍ മായാത്ത രണ്ടക്ഷരം

സമരാഗ്നിയില്‍ ജ്വലിച്ച വി എസ്; കേരള ചരിത്രത്തില്‍ മായാത്ത രണ്ടക്ഷരം

Kairali News 9 months ago

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തല്ലെന്‍ യുവത്വവും, കൊടിയ ദുഷ് പ്രഭുത്വത്തിന്‍ തിരുമുമ്ബില്‍ തല കുനിക്കാത്ത ശീലമെന്‍ യൗവനം…’ പുന്നപ്ര വയലാര്‍ സമരാഗ്‌നിയില്‍ സ്ഫുടം ചെയ്‌തെടുത്ത കമ്മ്യൂണിസ്റ്റ് നേതാവിന് വിട.

സമര പോരാട്ടങ്ങളുടെ കനല്‍ വഴികള്‍ താണ്ടിയ രാഷ്ട്രീയ ജീവിതം. 1923 ഒക്ടോബര്‍ 20-ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ആയിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്റെ ജനനം. വ്യക്തി ജീവിതത്തിലെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ട പോരാളി. ചെറുത്തുനില്‍പ്പുകള്‍, പ്രതിഷേധങ്ങള്‍, മര്‍ദ്ദനങ്ങള്‍, ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം, ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങള്‍ നീണ്ട കൊടിയ പൊലീസ് മര്‍ദ്ദനം… ഇവയ്‌ക്കൊന്നും വി എസ് എന്ന പോരാട്ടവീര്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.

കണ്ണേ കരളേ വി എസ്സേ… കേരള രാഷ്ട്രീയത്തിലെ അതികായന് വിട

ജയില്‍ വാസവും നീണ്ട ഒളിവ് ജീവിതവും എല്ലാം വി എസ് എന്ന ഈ രാഷ്ട്രീയ മനുഷ്യനെ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മരണശേഷം തയ്യല്‍ തൊഴിലാളിയായി. അതിനിടെ, കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.

1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1940-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അംഗമായി. 1954 പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ വി എസ് 1956 ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം. 1964-ല്‍ സി പി ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്ന 32 പേര്‍ ചേര്‍ന്ന് സി പി ഐ എം രൂപീകരിച്ചു. അതില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്യുതാനന്ദന്‍ മാത്രമാണ്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു വി എസിന്റെ ആദ്യകാല പ്രവര്‍ത്തനം.

ദുരിതജീവിതം മാത്രം അറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുപകര്‍ന്നു നല്‍കുകയായിരുന്നു വി എസ് എന്ന നേതാവ്. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം ഇടപെട്ടു. കാലങ്ങളായി ജന്മി തമ്ബ്രാക്കള്‍ക്ക് മുന്‍പില്‍ തലകുനിച്ച്‌ കൈകൂപ്പി നിന്നിരുന്ന തൊഴിലാളികള്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ആരംഭിച്ചു. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം കുട്ടനാടിന്റെ വയലേലകളില്‍ കൊടുങ്കാറ്റായി അലയടിച്ചു. എന്നാല്‍ വി എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ ഇല്ലായ്മ ചെയ്യാന്‍ ജന്മിമാര്‍ ഉത്തരവ് പ്രഖ്യാപിച്ചു. പുന്നപ്ര വയലാര്‍ സമരത്തിന് പിന്നാലെ അറസ്റ്റിലായ വി എസ് കൊടിയമര്‍ദനത്തിന് ഇരയായി. കാലില്‍ ബയണറ്റ് കുത്തിയിറക്കി മരിച്ചെന്നു കരുതി വി എസിനെ പൊലീസുകാര്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍, അവിടെ നിന്നും അയാള്‍ തിരികെ വന്നു. പിന്നീടങ്ങോട്ട് പകരക്കാരന്‍ ഇല്ലാത്ത രാഷ്ട്രീയ നേതാവായി കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം ഉയര്‍ന്നു.

സാധാരണക്കാരില്‍ സാധാരണക്കാരനായി നിന്ന് ജനകീയ നേതാവായി സഖാവ് വി എസ് മാറി. അടിസ്ഥാന ജനവിഭാഗത്തിന്റെ ശബ്ദമായി നിലകൊണ്ട് അവര്‍ക്ക് ദിശാബോധം നല്‍കി. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി എസ് 82-ാം വയസ്സില്‍ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ നേതാവുമായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞ് വിശ്രമജീവിതം നയിച്ചപ്പോഴും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വലിയൊരു ശൂന്യതയുണ്ട്. വി എസ് ഇല്ലാത്ത കേരള രാഷ്ട്രീയത്തെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിയില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News