ശിവദർശന ശിവദാസ്
ആദ്യ ചരക്കുകപ്പലെത്തി 10 മാസത്തിനിപ്പുറം കേരളത്തിന്റെ സ്വപ്ന സാഫല്യമായ വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കുകയാണ്.
കേന്ദ്രത്തിന്റെ ആകാശത്ത് നിന്നും പൊട്ടിവീണതല്ല, മറിച്ച് കേരളത്തിന്റെ ഇച്ഛാശക്തിയില്‍ വിത്തുപാകി മുളപ്പിച്ചതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നിരവധിപ്പേരാണ് ആ സ്വപ്നത്തെ തല്ലിക്കെടുത്താൻ ശ്രമിച്ചത്, എന്നാല്‍ നട്ടതും നനച്ചതും വാടാതെ നോക്കാനുള്ള കഴിവ് കേരളത്തിന് ഉള്ളടത്തോളം കാലം ഏത് സ്വപ്നവും ഇവിടെ പൂവണിയും. വിഴിഞ്ഞത്ത് തുറമുഖം തുറക്കുമ്ബോള്‍ സർക്കാർ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കൂടിയാണ് പാലിക്കപ്പെടുന്നത്. അതില്‍ ഒന്ന് തൊഴിലവസരങ്ങളാണ്. വിഴിഞ്ഞത്തിന്റെ വളർച്ച സൃഷ്ടിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ്. വിഴിഞ്ഞം പോലൊരു പദ്ധതി വരുന്നതു കൊണ്ട് ഞങ്ങള്‍ക്ക് എന്ത് ഗുണം എന്നു ചിന്തിക്കുന്നവരുണ്ട്. പ്രത്യേകിച്ച് ഉദ്യോഗാർഥികള്‍ക്ക്. അവർക്കായി ഇവിടെ ഒരുങ്ങുന്നത് നിരവധി അവസരങ്ങളാണ്.
ലോജിസ്റ്റിക് മേഖലയില്‍ മാത്രം 10,000ലധികം തൊഴില്‍ അവസരങ്ങള്‍
രണ്ടാംഘട്ട നിർമാണം ആരംഭിക്കുന്നതോടെ തുറമുഖത്തിനുപുറത്ത് ലോജിസ്റ്റിക് മേഖലയില്‍ മാത്രം 10,000ലധികം തൊഴില്‍ അവസരങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ് റോഡ് മൂന്നു ലക്ഷം തൊഴിലവസരം സൃഷ്‌ടിക്കും. കണ്ടെയ്‌നർ റിപ്പയർ യാർഡ്, വെയർഹൗസ്, ട്രക്ക് പാർക്കിങ് ടെർമിനലുകള്‍ തുടങ്ങിയവ സജ്ജമാകുന്നതോടെ ഈ മേഖലയിലും തൊഴിലുണ്ടാകും. ഹോട്ടലുകളുടെയും ടൂറിസ്റ്റ് ഹോമുകളുടെയും എണ്ണത്തിലും വർധനവുണ്ടാകും. കപ്പലില്‍ ക്രൂ ചേഞ്ചിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർ വിഴിഞ്ഞത്ത് എത്തുകയും പുറപ്പെടുകയും ചെയ്യും. എമിഗ്രേഷൻ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതോടെ ക്രൂ ചേഞ്ചിങ് ആരംഭിക്കും.
ഇതുവരെ 774 നിയമനങ്ങള്‍
മരുന്നു കയറ്റുമതിയുമായി ബന്ധപ്പെട്ട ഫാക്‌ടറികള്‍ തിരുവനന്തപുരത്തും തെക്കൻകേരളത്തിലും കേന്ദ്രീകരിക്കും. ഇലക്‌ട്രോണിക്‌സ് ഫാക്‌ടറികള്‍ യാഥാർഥ്യമാകും. കപ്പലുകള്‍ക്ക് ഇന്ധനം നിറയ്‌ക്കല്‍, ഭക്ഷണ വിതരണമേഖല എന്നിവയിലും തൊഴിലവസരമുണ്ടാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇതുവരെ 774 നിയമനങ്ങളാണ് നടന്നിരിക്കുന്നത്. അതില്‍ 534പേർ കേരളത്തില്‍നിന്നാണ്. മാത്രമല്ല, അതില്‍ 37 ശതമാനംപേർ വിഴിഞ്ഞം നിവാസികളും ആണ്.
വിഴിഞ്ഞം സ്കില്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ പരിശീലനം നേടിയ എട്ട് ഇന്റേണല്‍ ട്രാൻസ്ഫർ വെഹിക്കിള്‍ ഡ്രൈവർമാർക്കും ആറ് ലാഷർമാർക്കും ആണ് കഴിഞ്ഞ ദിവസം മന്ത്രി വി എൻ വാസവൻ പ്ലേസ്-മെന്റ് ഓർഡർ നല്‍കിയത്. വിഴിഞ്ഞം കമ്യൂണിറ്റി സ്‌കില്‍ പാർക്ക് വഴി ലാഷർ, ഐടിവി (ഇന്റേണല്‍ ട്രാൻസ്ഫർ വെഹിക്കിള്‍) ഡ്രൈവർമാർ, ഹൗസ് കീപ്പിങ് മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. മൂന്ന് ബാച്ച് ഐടിവി, 2 ബാച്ച് ലാഷർ കോഴ്സുകളിലെ മുഴുവൻപേർക്കും വിഴിഞ്ഞം പോർട്ടില്‍ ജോലി ലഭിച്ചു. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള വനിതാ കൂട്ടായ്മയായ വി സ്മാർട്ടിനാണ് പോർട്ടിലെ ശുചീകരണ ചുമതല.
വളരാൻ തിരുവനന്തപുരവും
ചെറിയൊരു തീരദേശ ഗ്രാമത്തില്‍ ഒരു തുറമുഖം വന്നപ്പോള്‍ ആ നാടിനുണ്ടായ അദ്ഭുതാവഹമായ മാറ്റത്തിനുള്ള തെളിവായി പൊതുവേ ചൂണ്ടിക്കാട്ടുന്ന തുറമുഖ നഗരമാണ് ചൈനയിലെ ഷെൻഷെൻ. വികസിച്ചു വികസിച്ച് 260 ചതുരശ്ര കിലോമീറ്ററോളം വ്യാപ്തിയില്‍ ആ തുറമുഖം ഇന്ന് വളർന്നു കഴിഞ്ഞു. ഇനി ആ വളർച്ച കാണാൻ പോകുന്നത് നമ്മുടെ തലസ്ഥാനത്ത് ആയിരിക്കും. അത് അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിതത്തില്‍ ഉള്‍പ്പെടെ പ്രതിഫലിക്കും.
അടിമുടി മാറ്റിമറിക്കും
ചരക്ക് കപ്പലുകളുടെ വരവ് ചാല മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കു പോലും ഗുണകരമായി തീരും. ടൂറിസം, വെയർഹൗസിങ്, ലോജിസ്റ്റിക്സ് പാർക്ക്, മാനുഫാക്‌ചറിങ് എന്നീ മേഖലകളിലുണ്ടാകുന്ന വളർച്ച നേരിട്ടും അല്ലാതെയും ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍, അതുവഴി റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടാകുന്ന നിക്ഷേപം, ജോലി തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നതോടെ അത് വാടക വീടുകളുടെ ആവശ്യകതയില്‍ ഉണ്ടാക്കുന്ന വർധന ഇവയെല്ലാം സമ്ബദ് വ്യവസ്‌ഥയെ അടിമുടി മാറ്റിമറിക്കും.
കപ്പലുകളുടെ അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍, അവയ്ക്കാവശ്യമായ ഇന്ധന വിതരണം സ്പെയർ പാർട്ടുകള്‍, കപ്പലുകള്‍ക്കാവശ്യമായ പ്രൊവിഷനുകളുടെ സപ്ലൈ തുടങ്ങിയവയും ഒട്ടേറെ പുതിയ തൊഴില്‍ മേഖലകള്‍ തുറക്കും. ക്രൂസ് കപ്പലുകള്‍ വരുന്നതോടെ വിനോദസഞ്ചാര രംഗത്തു നേട്ടമുണ്ടാകും. ഹോട്ടല്‍ മുറികളുടെ ബുക്കിങ് കൂടും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ലോക്കല്‍ മാർക്കറ്റുകളിലും ആനുപാതികമായി വരുമാനം ലഭിക്കും. ഓട്ടോറിക്ഷ തൊഴിലാളികള്‍, ടാക്സി ഡ്രൈവർമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തട്ടിലും ആ പണത്തിന്റെ പങ്ക് എത്തും. 1991 ല്‍ ടെക്നോപാർക്ക് വന്നതോടെ ടയർ ടു സിറ്റിയായി മാറിയ തലസ്ഥാനത്ത് ഇതാ, വിഴിഞ്ഞം തുറമുഖത്തിന്റെ ചിറകില്‍ വൈകാതെ ഗ്ലോബല്‍ മെട്രോ സിറ്റിയായി മാറുന്ന കാഴ്ചയും നമുക്ക് കാണാൻ സാധിക്കും.

