ഓരോ സ്ഥലങ്ങളും പ്രകൃതിയുടെ ഓരോ അത്ഭുതങ്ങളാണ് ഒരുക്കി വെച്ചിരിക്കുന്നത്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ മടിത്തട്ടിലുള്ള കള്ളിമാലി വ്യൂ പോയിന്റ്.
മൂന്നാറില്‍ നിന്ന് ഏകദേശം 28 കിലോമീറ്റർ സഞ്ചരിച്ചാല്‍ കള്ളിമാലിയിലെ ഈ പ്രകൃതി ഭംഗി നേരില്‍ കാണാം. മലനിരകളുടെ നടുവില്‍ തിളങ്ങുന്ന ഒരു കണ്ണാടി പോലെയാണ് കള്ളിമാലി വ്യൂ പോയിന്റ്. ഈ പ്രകൃതി ഭംഗി സഞ്ചാരികള്‍ക്ക് ഒരു പുതിയ അനുഭൂതിയാണ് സമ്മാനിക്കുന്നത്.
പച്ചപ്പിനിടയില്‍ പ്രകൃതിയുടെ സൗന്ദര്യത്തെ എടുത്തുകാണിക്കുന്ന നിരവധി പ്രത്യേകതകള്‍ ഈ വ്യൂ പോയിന്റിനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സന്ധ്യാസമയത്ത് മലമുകളില്‍ വീഴുന്ന സൂര്യകിരണങ്ങള്‍. ആ കിരണങ്ങള്‍ മലനിരകളെ തഴുകിയിറങ്ങുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. പൊന്മുടി ഡാമിലെ ബോട്ടിങ് ഈ പ്രദേശത്തെ കൂടുതല്‍ ആകർഷകമാക്കുന്നു. മത്സ്യബന്ധനം നടത്തുന്ന ഗ്രാമീണരും ഇവിടത്തെ മറ്റൊരു സവിശേഷതയാണ്.
കള്ളിമാലി വ്യൂ പോയിന്റ് പോലെ തന്നെ മറ്റൊരു മനോഹരമായ സ്ഥലം കൂടി ഇവിടെയുണ്ട്. അതാണ് അമേരിക്കൻ കുന്ന്. എന്താണ് ഈ അമേരിക്കൻ കുന്നിന്റെ പ്രത്യേകത എന്നറിയാമോ? കുരുമുളക് കൃഷിക്ക് പ്രശസ്തമായ സ്ഥലമാണിത്. കുരുമുളകില്‍ നിന്നുള്ള ലാഭം കാരണം ഇവിടം സമ്പന്നതയുടെ പ്രതീകമായിട്ടാണ് കാണുന്നത്.
അതുകൊണ്ടാണ് ഈ കുന്നിന് ‘അമേരിക്കൻ കുന്ന്’ എന്ന പേര് വന്നത്. വെള്ള പരവതാനി വിരിച്ചത് പോലെ തോന്നിക്കുന്ന കോടമഞ്ഞും, ഇലകളെയും പൂക്കളെയും തഴുകി കടന്നുപോകുന്ന ഇളംകാറ്റും എല്ലാം കൂടി കള്ളിമാലിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.വ്യൂ പോയിന്റിന്റെ വികസന പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. അതിനാല്‍ സുരക്ഷാ സംവിധാനങ്ങളായ കൈവരികളോ പോലീസ് സാന്നിധ്യമോ ഇവിടെ ഇപ്പോള്‍ ഇല്ല. അതുകൊണ്ട് യാത്രക്കാർ തന്നെ അവരവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

