മാധ്യമങ്ങളിലെ പ്രിപോള്‍ സര്‍വേകള്‍ എതിരാകുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി. പ്രിപോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കെ.പി.സി.സി അംഗം അഡ്വ. ജെ എസ് അഖില്‍ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഈ വിഷയത്തില്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചത്.
പരാതിയില്‍ പറയുന്നതനുസരിച്ച്, തിരഞ്ഞെടുപ്പിന് മുമ്പ് വ്യാപകമായി പ്രക്ഷേപണം ചെയ്യുന്ന ഇത്തരം സര്‍വേകള്‍ പര്യാപ്തമായ സുതാര്യതയോ ശാസ്ത്രീയമായ അടിസ്ഥാനമോ ഇല്ലാതെ അവതരിപ്പിക്കപ്പെടുന്നതാണ്. ഇത് വോട്ടര്‍മാരുടെ മനോഭാവത്തെയും തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അഖിലിന്റെ പരാതിയില്‍ പറയുന്നു. സമീപകാലത്ത് പുറത്തുവന്ന വലതുപക്ഷ മാധ്യമങ്ങളിലെ പോലും സര്‍വെകള്‍ യുഡിഎഫിന് എതിരായതിനെ തുടര്‍ന്നാണ് പരാതി എന്നാണ് സൂചന.
കൂടാതെ, ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളില്‍ ചില സ്ഥാനാർഥികള്‍ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ "ബാൻഡ്‌വാഗണ്‍ ഇഫക്റ്റ്" സൃഷ്ടിക്കപ്പെടുകയും, അനിശ്ചിത വോട്ടർമാരെ ബാധിക്കുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. ഇത്തരം സർവേകളുടെ പ്രക്ഷേപണം മത്സരാർത്ഥികള്‍ക്കിടയിലെ സമതല മത്സരാവസ്ഥ തകർക്കുന്നതും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്നതുമാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
പ്രിപോള്‍ സർവേകളുടെ പ്രക്ഷേപണം നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യുക, സർവേകളുടെ രീതിയും ധനസ്രോതസ്സുകളും പൂർണ്ണമായി വെളിപ്പെടുത്താൻ മീഡിയയെ നിർദ്ദേശിക്കുക എന്നിവ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷ നല്‍കിയിരിക്കുന്നത്.

