മലയാളി എപ്പോഴും ഇഷ്ടപ്പെടുന്ന കോമ്പോയാണ് മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരുടേത്. എന്നും മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഈ കോമ്പിനേഷന് ഇപ്പോഴും ആരാധകരേറെയാണ്.
ഇൻ ഹരിഹർ നഗറിലൂടെ ഒന്നിച്ച ഇവർ പിന്നീട് സിനിമയുടെ മറ്റ് രണ്ട് പതിപ്പുകളിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു.
തോമസൂട്ടി വിട്ടോടായെന്ന സംഭാഷണം കേള്‍ക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ഇത് ആപത്തില്‍ പെടുന്ന ഏത് ഘട്ടത്തിലും അമിളി പറ്റിയ ഘട്ടത്തിലും എല്ലാം മലയാളിയുടെ മനസിലേക്കും ഓടിയെത്തുന്നതാണ്. വർഷങ്ങള്‍ക്കിപ്പുറവും ആ കോമ്പിനേഷൻ എല്ലാവരുടേയും മനസില്‍ മായാതെ ഇരിക്കുന്നുവെങ്കില്‍ അതുണ്ടാക്കിയ ഓളം ചെറുതല്ലല്ലോ…
ആ നാല്‍വർ സംഘം ഒരിക്കല്‍ കൂടി ഒന്നിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരാണ് എല്ലാവരും. ആ ആഗ്രഹം ഇപ്പോള്‍ യാഥാർഥ്യമാവുകയാണ്. ഇവർ നാലുപേരും ഒരിക്കല്‍ കൂടി ബിഗ് സ്രക്രീനില്‍ ഒന്നിക്കുകയാണ്. മലയാളികളെ ഒരിക്കല്‍ കൂടി പൊട്ടിച്ചിരിപ്പിക്കാനാണോ ഇവർ ഒരുമിച്ചെത്തുന്നത് എന്നാണ് മലയാളി പ്രേക്ഷകർ ഇപ്പോള്‍ ചിന്തിക്കുന്നത്. പാതിരാക്കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് ഇവർ ഒരിക്കല്‍ കൂടി ഒന്നിക്കുന്നത്. നാല് വ്യത്യസ്ത സാഹചര്യത്തില്‍ പെട്ടുപോകുന്ന നാല് പേരുടെ കഥയാണ് പാതിരാക്കുറുക്കൻ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

