നമ്മളില്‍ പലരും കൂടുതലായും ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് വാട്സ്‌ആപ്പ്. പലപ്പോഴും പല മാറ്റങ്ങളും ഈ ആപ്പിന് വരാറുണ്ട്.
ഉപയോക്താക്കള്‍ക്കായി പല പുതിയ ഫീച്ചറുകളും ഇറക്കാറുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് കുട്ടികളെ വിലക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണോ ? അടുത്തിടെ ഇന്ത്യൻ ഉപഭോക്താക്കളോട് വാട്സാപ്പ് അവരുടെ ജനനത്തീയതി ചോദിക്കാൻ തുടങ്ങിയതാണ് ഈ സംശയത്തിനുള്ള പുതിയ കാരണം. ഇന്ത്യൻ ഭരണകൂടത്തിന്റെ വരാനിരിക്കുന്ന നിയമങ്ങള്‍ കാരണമാണ് ജനനത്തീയതി ആവശ്യപ്പെടുന്നതെന്നാണ് വാട്സാപ്പ് കാരണമായി പറയുന്നത്. ടെക് ടിപ്സ്റ്ററായ അഭിഷേക് യാദവ് നല്‍കിയ വിവരമനുസരിച്ച്, വാട്ട്സ്‌ആപ്പിനുള്ളില്‍ പ്രായം നല്‍കാൻ ആവശ്യപ്പെടുന്ന സ്‌ക്രീൻഷോട്ട് പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍നിന്ന് കൗമാരക്കാരെ വിലക്കിക്കൊണ്ടുള്ള വിദേശരാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് സമാനമായ നീക്കം ആണ് ഇന്ത്യയിലും നടക്കാൻ പോകുന്നത് എന്നാണ് സംശയം.
അതേസമയം, വാട്‌സ്‌ആപ്പോ കേന്ദ്ര സർക്കാരോ ഇത്തരമൊരു പ്രായപരിധി നിയമത്തെക്കുറിച്ചോ നിർബന്ധിത പരിശോധനയെക്കുറിച്ചോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഉപയോക്താക്കളോട് പ്രായം അല്ലെങ്കില്‍ ജനനത്തീയതി ചോദിക്കുന്നതിന് മറ്റു ചില കാരണങ്ങള്‍ വാട്സാപ്പിന്റെ സപ്പോർട്ട് പേജില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിയമപരമായ ആവശ്യകതകളും നിബന്ധനകളും പാലിക്കുന്നതിനാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത് കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ സേവനങ്ങള്‍ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. ഉപയോക്താക്കള്‍ക്ക് 18 വയസ് പൂർത്തിയാകുമ്പോള്‍ അക്കൗണ്ട് സ്വാഭാവികമായി മുതിർന്നവരുടെ അക്കൗണ്ടായി മാറും. നിങ്ങള്‍ നല്‍കുന്ന ജനനത്തീയതി മറ്റ് ഉപയോക്താക്കള്‍ക്കോ പ്രൊഫൈലിലോ കാണാൻ സാധിക്കില്ല.
ലോകമെമ്പാടും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കടുത്ത നിയമങ്ങള്‍ വരുന്നുണ്ട്. അടുത്തിടെ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ്, എക്സ് (X), റെഡ്ഡിറ്റ്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് തടയുന്ന നിയമം ഓസ്‌ട്രേലിയ പാസാക്കിയിട്ടുണ്ട്. എന്നാല്‍, ഓസ്‌ട്രേലിയയിലെ ഈ വിലക്കില്‍നിന്ന് വാട്സാപ്പിനെ ഒഴിവാക്കിയിട്ടുണ്ട്. ഇതേ പോലെ ആണ് ഇടയിലും നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് എങ്കില്‍ വാട്സാപ്പിനു പുറമേ ടെലിഗ്രാം, സിഗ്നല്‍, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ ആപ്പുകള്‍ക്കും ഉപയോക്താക്കളുടെ പ്രായം പരിശോധിക്കേണ്ടിവരും.

