Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാക്കുകളില്‍ മാത്രം പോരാ കരുതല്‍; പിണറായിയെ അന്ന് പുകഴ്ത്തിയ സതീശൻ മുഖ്യമന്ത്രി കസേരയിലിരുന്നപ്പോള്‍ ഇങ്ങനെ ചെയ്യാമോ ?

വാക്കുകളില്‍ മാത്രം പോരാ കരുതല്‍; പിണറായിയെ അന്ന് പുകഴ്ത്തിയ സതീശൻ മുഖ്യമന്ത്രി കസേരയിലിരുന്നപ്പോള്‍ ഇങ്ങനെ ചെയ്യാമോ ?

Kairali News 1 week ago

പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

കുട്ടനാട് എം എല്‍ എ റെജി ചെറിയാൻ മുഖ്യമന്ത്രി വി.ഡി. സതീശനും റവന്യു മന്ത്രിക്കുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചർച്ചയായിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിലും സർക്കാരിന് വീഴ്ച പറ്റിയെന്നും കാര്യങ്ങള്‍ നേരിട്ട് ബോധിപ്പിക്കാൻ പലവട്ടം ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയോ റവന്യു മന്ത്രിയോ ഫോണ്‍ എടുക്കാൻ തയ്യാറായില്ലെന്നും ആയിരുന്നു എം എല്‍ എ ഇന്ന് പറഞ്ഞത്.

എന്നാല്‍ താൻ മന്ത്രിസഭാ യോഗത്തില്‍ ആയതുകൊണ്ടാണ് ഫോണ്‍ എടുക്കാതിരുന്നത് എന്ന മറുപടി നല്‍കി തടിയൂരാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് മുൻപ് വി.ഡി. സതീശൻ തന്നെ, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രവർത്തന ശൈലിയെ പുകഴ്ത്തി സംസാരിച്ച വാക്കുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്.

മുൻപ് പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് പിണറായി വിജയൻ കാണിച്ച മാതൃകാപരമായ ഭരണനിർവ്വഹണത്തെ സതീശൻ പ്രശംസിച്ചിരുന്നു. “മഹാമാരിയുടെയും കാലത്തു ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. പലവട്ടം ഒന്നുകില്‍ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കില്‍ 10 മിനിറ്റിനകം തിരിച്ചുവിളിക്കും” എന്നായിരുന്നു അന്ന് സതീശന്റെ വാക്കുകള്‍. വിളിച്ചാല്‍ ഉടനടി പ്രതികരിക്കുകയും, പത്തു മിനിറ്റിനുള്ളില്‍ തിരിച്ചു വിളിക്കുകയും ചെയ്യുന്ന പിണറായിയുടെ രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

സംസാരിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമായി കേള്‍ക്കുകയും ‘യെസ്’ എന്നോ ‘നോ’ എന്നോ കൃത്യമായി മറുപടി നല്‍കുകയും ചെയ്യുന്ന ശൈലിയായിരുന്നു പിണറായിയുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറുപടി ‘നോ’ ആണെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമെന്നും സതീശൻ പറയുന്നു. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ പിണറായി വിജയനോട് തനിക്ക് അടുപ്പം തോന്നിച്ച പ്രധാന ഘടകം ഈ കൃത്യനിഷ്ഠയും മറുപടി നല്‍കാനുള്ള മനസ്സുമാണെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

പിണറായി വിജയന്റെ വിളിപ്പുറത്തുള്ള കരുതലിനെ പ്രശംസിച്ച അതേ വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ ജനപ്രതിനിധികളെ പോലും, അതും ഭരണപക്ഷത്തെ എംഎല്‍എയെ പോലും അവഗണിക്കുന്നു എന്നതാണ് നിലവിലെ ആക്ഷേപം. ഒരു പ്രളയകാലത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഒരു എം എല്‍ എ വിളിച്ചാല്‍ ഫോണ്‍ എടുക്കാൻ പോലും മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെങ്കില്‍, പിണറായി വിജയനെ പ്രശംസിക്കാൻ ഉപയോഗിച്ച അതേ മാനദണ്ഡങ്ങള്‍ വെച്ച്‌ നോക്കുമ്പോള്‍ വി ‍ഡി സതീശൻ ഇന്ന് പരാജയമാണെന്ന് പറയാൻ സാധിക്കും.

മന്ത്രിസഭാ യോഗത്തിന്റെ പേര് പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുമ്പോള്‍, മഹാമാരിയുടെയും പ്രളയത്തിന്റെയും അതിതീവ്ര ഘട്ടങ്ങളിലും ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കിയിരുന്ന പഴയ ഭരണാധികാരിയുടെ രീതി സതീശൻ ഓർക്കുന്നത് നന്നായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വാക്കുകളിലെ വിസ്മയമല്ല, പ്രവൃത്തിയിലെ വേഗതയാണ് ഒരു ദുരന്തകാലത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പിണറായി വിജയനോട് തനിക്ക് അടുപ്പം തോന്നിച്ച ആ ഒരു ‘ഘടകം’ സ്വന്തം ഭരണത്തില്‍ പകർത്തിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് സാധിക്കില്ലെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News