വാർദ്ധക്യത്തിലും ആരോഗ്യത്തോടെ ഇരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ നമ്മള്‍ നേരത്തെ തന്നെ തുടങ്ങേണ്ടതുണ്ട്.
മുപ്പതുകളില്‍ എത്തുമ്പോള്‍ തന്നെ നമ്മുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിച്ചു തുടങ്ങും. അതിനാല്‍ ഈ സമയത്ത് ഭക്ഷണ ശീലങ്ങളിലും ജീവിത ശൈലിയിലും ചില മാറ്റങ്ങളെല്ലാം കൊണ്ടുവരണം.
കൂടുതല്‍ സമീകൃതാഹാരങ്ങള്‍ കഴിക്കുക എന്നതാണ് ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയർവർഗ്ഗങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം ആരോഗ്യകരമായ വാർദ്ധക്യം നിങ്ങള്‍ക്ക് സമ്മാനിക്കും. അതുപോലെ നിർബന്ധമായും ചെയ്യേണ്ട ഒന്നാണ് വ്യായാമം. നിത്യവും വ്യായാമം ചെയ്യുന്നത് പേശികളുടെയും എല്ലുകളുടെയും ബലം വർദ്ധിപ്പിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിങ്ങളുടെ മുപ്പതുകളില്‍ തന്നെ ഈ ശീലങ്ങള്‍ തുടങ്ങുന്നത് വാർദ്ധക്യത്തിലും കൂടുതല്‍ കരുത്തോടെ നിലനില്‍ക്കാൻ സഹായിക്കും.
നല്ല ആരോഗ്യം ലഭിക്കാൻ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒന്നാണ് ഉറക്കം. വർഷങ്ങളായുള്ള ഉറക്കക്കുറവ് ഹൃദ്രോഗം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കും. ദിവസവും 7 മുതല്‍ 8 മണിക്കൂർ വരെ കൃത്യമായ ഉറക്കം ലഭിക്കുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജം നല്‍കും.
ശരീരത്തിന് നല്‍കുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നല്‍കേണ്ട പ്രായമാണിത്. ജോലിയും കുടുംബവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങള്‍ ഈ പ്രായത്തില്‍ കൂടുതലായിരിക്കാം. ധ്യാനം അല്ലെങ്കില്‍ നിങ്ങള്‍ക്ക് താല്പര്യമുള്ള വിനോദങ്ങളില്‍ ഏർപ്പെടുന്നത് വഴി സമ്മർദ്ദം കുറക്കാൻ സാധിക്കും.
പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ മോശം ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് പൂർണ്ണമായും ഉപേക്ഷിക്കാൻ മുപ്പതുകള്‍ കൃത്യമായ സമയമാണ്. ഇവ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. കൂടാതെ, വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കണ്ട് അടിസ്ഥാനപരമായ ആരോഗ്യ പരിശോധനകള്‍ നടത്തുന്നതും, രക്തസമ്മർദ്ദം, കൊളസ്ട്രോള്‍, ഷുഗർ എന്നിവ കൃത്യമായ അളവിലാണെന്ന് ഉറപ്പുവരുത്തുന്നതും ഭാവിയിലെ വലിയ ആരോഗ്യപ്രശ്നങ്ങളെ തടയാൻ സഹായിക്കും.

