തെക്കൻ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആകെ 13 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരില്‍ നാല് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും. വെടിനിർത്തല്‍ കരാർ നീട്ടിയിട്ടും ഇസ്രയേല്‍ ആയുധം താഴെവെച്ചിട്ടില്ല.
ഇസ്രയേല്‍ പ്രതിരോധ സേന ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ച നബതിഹ് ജില്ലയിലെ ഹബൂഷില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേരാണ്. ഇതില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. സിഡോണ്‍ ജില്ലയിലെ സ്രാരീഹില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടപ്പോള്‍, ടയര്‍ ജില്ലയിലെ ഐന്‍ ബാലില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു.
ആകെ 32 പേര്‍ക്കാണ് പരുക്കേറ്റത്. മൂന്ന് ആഴ്ചത്തേക്ക് വെടിനിർത്തല്‍ നീട്ടിയിട്ടും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. പിന്നാലെ ഹിസ്ബുള്ള പ്രത്യാക്രമണവുമായി രംഗത്തെത്തി. വ്യാഴാഴ്ച തെക്കൻ ലെബനനില്‍ നടന്ന ഏറ്റുമുട്ടലില്‍ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഏപ്രില്‍ 16 ന് വാഷിംഗ്ടണില്‍ ഇസ്രയേലും ലെബനനും ചർച്ച നടത്തിയിരുന്നു. തുടർന്ന് സംഘർഷങ്ങള്‍ക്ക് വിരാമം പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിർത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടുന്നതായും പ്രഖ്യാപിച്ചു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്.

