വോട്ടിന് പണം നല്‍കിയെന്ന ആരോപണങ്ങള്‍ ശക്തമാകുമ്പോള്‍ പണം എങ്ങനെ ലഭിച്ചതാണെന്ന വയോധികയുടെ വാദം ചർച്ചയാവുകയാണ്.
തന്റെ കൈവശമുള്ള അയ്യായിരം രൂപ വോട്ടിനായി വാങ്ങിയതല്ലെന്നും മറിച്ച് ക്ഷേമ പെൻഷൻ തുകയാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെയെങ്കില്‍ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ ഒരു മാസത്തെപ്പോലും കുടിശ്ശിക ഇല്ലാതെ കൊടുത്ത പെൻഷൻ കാശാണ് വയോധികയുടെ കൈവശമുള്ളത്.
തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേദിവസം പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. വോട്ടിനായി നല്‍കിയ പണമെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ്, അത് തന്റെ സമ്പാദ്യമാണെന്നും കുടിശ്ശികയില്ലാതെ ലഭിച്ച പെൻഷൻ തുകയാണെന്നും വയോധിക വ്യക്തമാക്കിയത്.
ഈ വെളിപ്പെടുത്തല്‍ ഇടതുപക്ഷത്തിന് അനുകൂലമായ മികച്ചൊരു ‘പി ആർ’ പ്രവർത്തനം പോലെ ഫലിച്ചു എന്നാണ് വിലയിരുത്തല്‍. യുഡിഎഫ് ഭരണകാലത്ത് പെൻഷൻ വിതരണത്തിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങളുമായി താരതമ്യം ചെയ്താണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.
തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പണം പിടിക്കല്‍ വാർത്തകള്‍ സാധാരണമാണെങ്കിലും, ലഭിച്ച പണം പെൻഷൻ തുകയാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുന്നത് സർക്കാർ പണം കൃത്യമായി വിതരണം ചെയ്യുന്നതുകൊണ്ടാണെന്ന് എല്‍ഡിഎഫ് അനുകൂലികള്‍ വാദിക്കുന്നു.
ആരോപണങ്ങള്‍ അന്വേഷണ ഘട്ടത്തിലാണെങ്കിലും, പ്രായമായ ഒരമ്മയുടെ ഈ വെളിപ്പെടുത്തല്‍ വരാനിരിക്കുന്ന വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആകാംക്ഷയിലാണ് മുന്നണികള്‍.

