Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ; നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തി

യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ; നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തി

Kairali News 21 hrs ago

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിയമസഭാ മാർച്ച്‌ സംഘടിപ്പിച്ച്‌ ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎല്‍എ, പ്രസിഡന്റ് വി വസീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്.

നിയമസഭയ്ക്ക് മുന്നില്‍ മാർച്ച്‌ പൊലീസ് തടഞ്ഞു.

പിന്നാലെ ബാരിക്കേഡിന് മുകളില്‍ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ തീരുമാനിച്ചാല്‍ സഭയ്ക്കുള്ളില്‍ തന്നെ കയറി സമരം ചെയ്യാനുള്ള കരുത്ത് ഡിവൈഎഫ്‌ഐക്ക് ഉണ്ടെന്ന് വി കെ സനോജ് എംഎല്‍എ പറഞ്ഞു. കേരളത്തില്‍ മദ്യം ഒഴുക്കാൻ വേണ്ടി നീക്കം നടക്കുന്നു എന്നും അതിനുവേണ്ടി ചില പ്രത്യേക കമ്പനികളെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബക്കാർഡി കമ്പനിയാണ് ഇങ്ങോട്ട് വരുന്നത്. എല്‍ഡിഎഫ് സർക്കാരിന്റെ സമയത്ത് ആ കമ്പനി മന്ത്രിമാരെ സമീപിച്ചിരുന്നു. എന്നാല്‍ ആ കമ്പനിക്ക് വേണ്ടി നികുതിയിളവ് നല്‍കാൻ സാധിക്കില്ല എന്ന നിലപാട് എല്‍ഡിഎഫ് മന്ത്രിമാർ എടുത്തു. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണ് ഇപ്പോള്‍ നികുതിയിളവ് നല്‍കുന്നത്.

ഞങ്ങള്‍ ഇത് അറിഞ്ഞിട്ടില്ലെന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. വകുപ്പ് മന്ത്രിയും പറയുന്നു അറിഞ്ഞിട്ടില്ലെന്ന്. മുൻ കെപിസിസി അധ്യക്ഷൻ പറയുന്നു ഇത് തെമ്മാടിത്തരമാണ് എന്ന്. പക്ഷേ വി ഡി സതീശൻ നേരത്തെ പണം വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്ക് മദ്യം ഒഴുക്കാനുള്ള സൗകര്യം ഒരുക്കുകയാണ്, വി കെ സനോദ് വ്യക്തമാക്കി. എല്ലാം അദാനിക്ക് വേണ്ടിയാണ് എന്നും ഈ കേരളത്തെ വിഡിയും മോദിയും അദാനിയും ചേർന്ന് വില്‍ക്കാൻ നീക്കം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലും ഈ നീക്കം അംഗീകരിക്കില്ലെന്ന് പറഞ്ഞ വി കെ സനോജ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നത് വരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുമെന്നും അറിയിച്ചു.

ഇന്ത്യയിലെ മദ്യ രാജാവിനെ സന്തോഷിപ്പിക്കാൻ ആണ് വി ഡി സതീശൻ തീരുമാനമെടുത്തത്. ഒരു മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ യൂ ടേണ്‍ അടിക്കേണ്ടി വന്ന ആദ്യത്തെ മുഖ്യമന്ത്രി വി ഡി സതീശനാണ്. കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തെരുവില്‍ ഇറങ്ങി നടക്കാൻ സാധിക്കില്ല, വി കെ സനോജ് പറഞ്ഞു.

ഒരു അഭിപ്രായ ഐക്യവും ഇല്ലാതെയാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് വി വസീഫ് ചൂണ്ടിക്കാട്ടി. മദ്യ മാഫിയക്ക് സതീശൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നു. വി ഡി സതീശൻ ബക്കാർഡി സതീശനായി മാറിയെന്നും കേരളത്തെ വില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഞങ്ങള്‍ വിടില്ല. യുഡിഎഫിന് രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശനെ കൊണ്ട് രാജിവെയ്പ്പിക്കണം. നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഞങ്ങള്‍ ഉണ്ടാകും, മദ്യ മാഫിയക്ക് കീഴടങ്ങിയ സതീശനെ തെരുവില്‍ തടയുന്ന അടക്കമുള്ള സമരങ്ങള്‍ ഉണ്ടാകും, വി വസീഫ് കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News