ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രൊജക്റ്റൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് മരണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു.
ആണവ നിലയത്തിലെ റേഡിയേഷൻ അളവില്‍ വർധനവ് ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ അധികൃതരില്‍ നിന്നുള്ള സ്ഥിരീകരണം ഉദ്ധരിച്ച് ഏജൻസി വ്യക്തമാക്കി.
ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ബുഷെഹർ കേന്ദ്രത്തില്‍ നാല് തവണ ” ബോംബാക്രമണം ” നടന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ആണവ/പെട്രോകെമിക്കല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന്റെ ഉയർന്ന അപകടസാധ്യതകളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുമ്പോഴും, ഇതെല്ലാം അവഗണിച്ച് അമേരിക്കയും ഇസ്രയേലും ആക്രമണം തുടരുകയാണ്.
സംഭവത്തില്‍ ഐഎഇഎ ഡയറക്ടർ ജനറല്‍ റാഫേല്‍ ഗ്രോസി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആണവ സൈറ്റുകളോ സമീപ പ്രദേശങ്ങളോ ഒരിക്കലും ആക്രമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയുടെ അനുബന്ധ സൈറ്റിലെ കെട്ടിടങ്ങളില്‍ സുപ്രധാന സുരക്ഷാ ഉപകരണങ്ങള്‍ അടങ്ങിയിരിക്കാമെന്ന് ഗ്രോസി ചൂണ്ടിക്കാട്ടയതായി പ്രസ്താവനയില്‍ പറയുന്നു. ആണവ അപകട സാധ്യത ഒഴിവാക്കാൻ പരമാവധി സൈനിക സംയമനം പാലിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം ഇറാൻ ആണവോർജ്ജ സംഘടന (AEOI) എക്സിലെ പോസ്റ്റില്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ സുരക്ഷാ ജീവനക്കാരനാണെന്നും പോസ്റ്റില്‍ പറയുന്നു. നിലയത്തിന്റെ അനുബന്ധ കെട്ടിടത്തിനാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. പവർ പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് സർക്കാർ ഏജൻസി വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് 198 റഷ്യൻ ജീവനക്കാരെ ഒഴിപ്പിച്ചെന്ന് റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയർ കമ്പനിയായ റോസാറ്റം മേധാവി പറഞ്ഞതായി റിപ്പോർട്ടുണ്ട്.

