മസ്കത്ത്: അന്താരാഷ്ട്ര മാധ്യമ ശൃംഖലയായ യു.എസ്. ന്യൂസ് ആൻഡ് വേള്‍ഡ് റിപ്പോർട്ട് പുറത്തുവിട്ട 2026-ലെ ആഗോള സുരക്ഷാ സൂചികയില്‍ ഒമാന് വൻ നേട്ടം.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായാണ് സുല്‍ത്താനേറ്റിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യൻ കരുത്തരായ സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാമത്.
കുറ്റകൃത്യങ്ങളുടെ ആധിക്യമില്ലാത്ത ശാന്തമായ അന്തരീക്ഷം, ശക്തമായ ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങള്‍, സുസ്ഥിരമായ ഭരണസംവിധാനം എന്നിവയാണ് ഒമാനെ ആഗോളതലത്തില്‍ മുൻനിരയിലെത്തിച്ചത്. നിയമവ്യവസ്ഥയുടെ കാര്യക്ഷമത, സാമൂഹിക സ്ഥിരത, ജനങ്ങളുടെ ജീവിതനിലവാരം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമുള്ള ജനവിഭാഗങ്ങള്‍ പരസ്പര സൗഹാർദ്ദത്തോടെയും സഹിഷ്ണുതയോടെയും കഴിയുന്ന സവിശേഷമായ സാമൂഹിക പശ്ചാത്തലം ഒമാന്റെ സമാധാന അന്തരീക്ഷത്തിന് അടിത്തറയേകുന്നു. ഇതിനൊപ്പം അന്താരാഷ്ട്ര തലത്തില്‍ രാജ്യം പുലർത്തുന്ന സന്തുലിതവും മിതത്വവുമുള്ള നയതന്ത്ര നിലപാടുകളും ആഗോള നിരീക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പുതിയ ഈ അന്താരാഷ്ട്ര അംഗീകാരം സുല്‍ത്താനേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വിദേശ നിക്ഷേപ സാധ്യതകള്‍ക്കും വരുംദിവസങ്ങളില്‍ വലിയ ഉണർവ് സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
(ശാഫി എം.കെ )

