Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യ എയ്ക്ക് 306 റണ്‍സ് ജയം

ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യ എയ്ക്ക് 306 റണ്‍സ് ജയം

ദോഹ (ഖത്തര്‍): ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ വന്‍ വിജയവുമായി ഇന്ത്യ എ. 306 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 333 റണ്‍സ് വിജയലക്ഷ്യമായി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ വെറും 26 റണ്‍സിന് പുറത്തായി. പ്രിന്‍സ് യാദവ് അഞ്ചുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ തുടക്കത്തില്‍ തന്നെ വന്‍ തകര്‍ച്ച നേരിട്ടു. ഒരു റണ്ണെടുക്കുന്നതിനിടെ ടീമിന് നാലുവിക്കറ്റുകള്‍ നഷ്ടമായി. അര്‍ജുന്‍ കുമാല്‍(0),കുശാല്‍ ഭുര്‍ട്ടല്‍(0),ദീപക് ദുമ്രെ(1), ബാസിര്‍ അഹമ്മദ്(0) എന്നിവരാണ് പുറത്തായത്. പിന്നീട് പവന്‍ സറാഫും റാഷിദ് ഖാനും ആറ് റണ്‍സെടുത്തതോടെ സ്‌കോര്‍ 17 ലെത്തി. പിന്നാലെ ഇരുവരും പുറത്തായി. ലോകേഷ് ബാം ഡക്കായതോടെ ടീം 17-7 എന്ന നിലയിലായി.

ഹര്‍ഷിത് റാണയും പ്രിന്‍സ് യാദവും കത്തിക്കയറിയതോടെ നേപ്പാള്‍ തകര്‍ന്നടിഞ്ഞു. ശേഷിക്കുന്ന ബാറ്റര്‍മാരും വേഗം കൂടാരം കയറി. അതോടെ 26 റണ്‍സിന് നേപ്പാള്‍ ഇന്നിങ്‌സ് അവസാനിച്ചു. പ്രിന്‍സ് യാദവ് അഞ്ചും ഹര്‍ഷിത് റാണ നാലും വിക്കറ്റെടുത്തു.

നിശ്ചിത 50 ഓവറില്‍ ഇന്ത്യ എ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സാണെടുത്തത്. ആദ്യഘട്ടത്തില്‍ തകര്‍ച്ച നേരിട്ട ഇന്ത്യ എയെ ക്യാപ്റ്റന്‍ തിലക് വര്‍മ-കുമാര്‍ കുശാഗ്ര നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ 206 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. തിലകും കുശാഗ്രയും സെഞ്ചുറി തികയ്ക്കുകയും ചെയ്തു. വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ആയുഷ് ബദോനി എന്നിവര്‍ നിരാശപ്പെടുത്തി.

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍മാരെ തളച്ചിടുന്ന നേപ്പാള്‍ ബൗളര്‍മാരെയാണ് മൈതാനത്ത് കണ്ടത്. ആദ്യ അഞ്ചോവറില്‍ 29 റണ്‍സാണ് വൈഭവ്-അഭിഷേക് സഖ്യത്തിന് നേടാനായത്. പിന്നാലെ ഒന്‍പത് റണ്‍സ് മാത്രമെടുത്ത് അഭിഷേക് മടങ്ങി. വണ്‍ഡൗണായി ഇറങ്ങിയ ആയുഷ് ബദോനിയും(2) നിരാശപ്പെടുത്തി. വൈഭവിനും കാര്യമായ ഇന്നിങ്സ് കെട്ടിപ്പടുക്കാനായില്ല. കൗമാരതാരം 26 റണ്‍സ് മാത്രമെടുത്ത് പുറത്തായി. 11 ഓവറില്‍ 42-3 എന്ന നിലയിലായിരുന്നു ഇന്ത്യ എ.

തകര്‍ച്ച നേരിട്ട ടീമിനെ ക്യാപ്റ്റന്‍ തിലക് വര്‍മയും കുമാര്‍ കുശാഗ്രയും ചേര്‍ന്ന് കരകയറ്റുന്നതാണ് പിന്നീട് കാണുന്നത്. നേപ്പാള്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച്‌ ബാറ്റേന്തി. നാലാം വിക്കറ്റില്‍ ഭേദപ്പെട്ട കൂട്ടുകെട്ടുമായി കുശാഗ്രയും തിലകും ടീമിനെ നൂറുകടത്തി. 30 ഓവറില്‍ ടീം 129 ലെത്തി. പിന്നാലെ ഇരുവരും അര്‍ധസെഞ്ചുറി തികച്ചു. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും ഇന്ത്യ എയെ ട്രാക്കിലാക്കി.

കൂട്ടുകെട്ട് സെഞ്ചുറി കടന്നതോടെ നേപ്പാള്‍ പ്രതിരോധത്തിലായി. 34-ാം ഓവറില്‍ ടീം 150 റണ്‍സും പിന്നിട്ടു. നേപ്പാള്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും കുശാഗ്രയും തിലകും പിടികൊടുക്കാതെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ശേഷം ബൗണ്ടറികള്‍ കണ്ടെത്തി സ്‌കോറിങ്ങിന് വേഗത കൂട്ടുകയും ചെയ്തതോടെ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി. 38-ാം ഓവറില്‍ രണ്ട് സിക്സറടക്കം 16 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. കുമാര്‍ കുശാഗ്രയായിരുന്നു കൂടുതല്‍ അപകടകാരി.

39-ാം ഓവറില്‍ രണ്ട് ബൗണ്ടറികളും 40-ാം ഓവറില്‍ രണ്ട് സിക്സറും കണ്ടെത്തിയ കുമാര്‍ കുശാഗ്ര സെഞ്ചുറി തികച്ചു. തൊട്ടടുത്ത ഓവറിലും വെടിക്കെട്ട് തുടര്‍ന്നതോടെ 16 റണ്‍സ് പിറന്നു. ടീം സ്‌കോര്‍ 248 ല്‍ നില്‍ക്കേ കുമാര്‍ കുശാഗ്ര പുറത്തായി. 102 പന്തില്‍ പത്ത് ഫോറും അഞ്ച് സിക്സറുമടക്കം 117 റണ്‍സെടുത്താണ് കുമാര്‍ കുശാഗ്ര പുറത്തായത്. നാലാം വിക്കറ്റില്‍ 206 റണ്‍സാണ് കുമാര്‍ കുശാഗ്രയും തിലക് വര്‍മയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

പിന്നീട് തിലകിന്റെ ഊഴമായിരുന്നു. വെടിക്കെട്ടോടെ ഇന്ത്യ എ ക്യാപ്റ്റനും സെഞ്ചുറി തികച്ചു. 107 റണ്‍സില്‍ തിലക് പുറത്തായി. ആറുഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. റിങ്കു സിങ് 9 റണ്‍സെടുത്തു. സൂര്യാന്‍ഷ് ഷെഡ്‌ജെ 14 പന്തില്‍ 36 റണ്‍സ് അടിച്ചെടുത്തതോടെ ടീം 332 റണ്‍സിലെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi