Saturday, 21 Sep, 1.43 am കലാകൗമുദി

കേരളം
അറിവിന്റെ വെളിച്ചം പകര്‍ന്ന് അത്ഭുതമാകാന്‍ മര്‍ക്കസ് നോളജ് സിറ്റി

കോഴിക്കോട്: അറിവിന്റെ വെളിച്ചം പകര്‍ന്ന് അത്ഭുതമാകാന്‍ മര്‍ക്കസ് നോളജ് സിറ്റി ഒരുങ്ങുന്നു. മര്‍ക്കസ് നോളജ് സിറ്റിയില്‍ കള്‍ച്ചറല്‍ കോംപ്ലക്‌സിന്റെ പണി പൂര്‍ത്തിയാകുമ്ബോള്‍ ഇന്ത്യയിലെ തന്നെ മറ്റൊരു അത്ഭുതമായി മാറും.

രാജ്യത്തെ ഏറ്റവും വലിയ കോംപ്ലക്‌സിന്റെ നിര്‍മ്മാണത്തില്‍ സ്വീകരിക്കുന്ന വ്യത്യസ്തകളാണ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കാന്‍ പോകുന്ന മറ്റൊരു അത്ഭുതമായി മാറുന്നത്. പരമ്ബരാഗതമായ ആറ് വ്യത്യസ്ത വാസ്തു ശില്‍പ്പ ശൈലികളിലാണ് കോംപ്ലക്‌സ് പണിതുയര്‍ത്തുന്നത്. അടിസ്ഥാനപരമായി മുഗള്‍ ശൈലിയിലാണെങ്കിലും യൂറോപ്യന്‍ മാതൃകയും പേര്‍ഷ്യന്‍ സംസ്‌കാര തനിമയും മധ്യകാല അറബ് സംസ്‌കൃതിയും ഒത്തു ചേരുന്നതായിരിക്കും നിര്‍മ്മാണ രീതി. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള നിര്‍മ്മാണം ന്യൂജനറേഷന്‍ ഇന്ത്യന്‍ നിര്‍മ്മിതികള്‍ക്ക് മാതൃകയായിരിക്കും.

2020 മാര്‍ച്ചിലായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന് നോളജ് സിറ്റിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. എം എ എച്ച്‌ കണ്ടി പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കൈതപ്പൊയിലില്‍ ഗ്രാമത്തിലെ 125 ഏക്കറില്‍ 30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നോളജ് സിറ്റി ഉയരാന്‍ പോകുന്നത്. 3000 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ അറിവിന്റെ കേന്ദ്രമായി നോളജ് സിറ്റി മാറും. പൈതൃക മ്യൂസിയം, സ്പിരിച്വല്‍ എന്‍ക്ലേവ്, ഗവേഷണ കേന്ദ്രം, ലോകോത്തര ലൈബ്രറി, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഇന്റര്‍നാഷണല്‍ ഈവന്റ് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടങ്ങുന്ന കള്‍ച്ചറല്‍ സെന്ററിനു മാത്രം 100 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.

നോളജ് സിറ്റിക്കുള്ളില്‍ പത്തേക്കര്‍ സ്ഥലത്തായിരിക്കും കള്‍ച്ചറല്‍ സെന്റര്‍. ഇവിടെ ഉരുക്കില്‍ തീര്‍ക്കുന്ന കുംഭ ഗോപുരവും സ്ഥാപിക്കുന്നുണ്ട്. ഇതു പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ കുംഭഗോപുരമായി മാറും. ഇതില്‍ 10,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സൗകര്യങ്ങളുണ്ടാകും. കെട്ടിടങ്ങള്‍ക്കു മുകളിലായി പരമ്ബരാഗതമായ രീതിയില്‍ തീര്‍ക്കുന്ന ഉദ്യാനവും സ്ഥാപിക്കുന്നുണ്ട്. 100 വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങള്‍ ഇവിടെ നട്ടുവളര്‍ത്തും. 72,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും ഉദ്യാനം.

കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്‍മാര്‍ക്ക് ഡവലപ്പേഴ്‌സാണ്. സംരഭകരായ എം ഹബീബ് റഹ്മാന്‍, എന്‍ ഹിബത്തുള്ള, ടി കെ മുഹമദ് ഷക്കീല്‍ എന്നിവരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് ചരിത്ര നിര്‍മ്മിതി. ഒരു മനുഷ്യായുസില്‍ ഒരിക്കല്ലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമായി ഇതു മാറുമെന്ന് ടാലന്‍മാര്‍ക്ക് മാനേജിംഗ് ഡയറക്റ്റര്‍ ഹബീബ് റഹ്മാന്‍ പറഞ്ഞു. അറബ്, യൂറോപ്യന്‍ സംസ്‌കാരങ്ങളുടെ സമന്വയ കേന്ദ്രമായിരുന്ന കോഴിക്കോടിന്റെ ഗതകാല പ്രൗഡി തിരികെ കൊണ്ടു വരുന്ന നിര്‍മ്മാണമായി കള്‍ച്ചറല്‍ സെന്റര്‍ മാറും. നോളജ് സിറ്റി വിവിധോദ്ദേശ കേന്ദ്രമാണ്. പഠനത്തിനും ഗവേഷണത്തിനും വിനോദത്തിനും വാണിജ്യത്തിനും ഉതകുന്ന തരത്തിലാണ് സ്ഥാപിക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാകുമ്ബോള്‍ ലോക വ്യാപകമായുള്ള വിജ്ഞാനകുതുകികളുടെ ഇഷ്ട കേന്ദ്രമായി മാറുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ. ചരിത്രവും സംസ്‌കാരവും മതവും ശാസ്ത്രവും സേവനവും തുടങ്ങിയ മേഖലകളിലെ ഏറ്റവും പൗരാണികവും ഏറ്റവും ആധുനികവുമായ അറിവുകള്‍ ഇവിടെ നിന്നും ശേഖരിക്കാന്‍ കഴിയുന്ന തരത്തില്‍ പഠന കേന്ദ്രം സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യം. കോഴിക്കോടിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ ടൂറിസം മുഖച്ഛായ മാറ്റം വരുത്തുന്ന ഒന്നാകും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കള്‍ച്ചറല്‍ സെന്ററും നോളജ് സിറ്റിയും.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മര്‍ക്കസ് നോളജ് സിറ്റി എംഡി ഡോ. എം എ എച്ച്‌ കണ്ടി, സിഇഒ ഡോ. അബ്ദുല്‍ സലാം മുഹമദ്, ടാലന്‍മാര്‍ക്ക് എംഡി ഹബീബ് റഹ്മാന്‍ എം, ഡയറക്റ്റര്‍മാരായ മുഹമദ് ഷക്കീല്‍ ടി കെ, ഹിബത്തുള്ള എന്‍ എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top