കൊല്ലം: വിധി തട്ടിയെടുത്ത വലതു കൈപ്പത്തി പന്ത്രണ്ട് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ തുന്നിച്ചേർത്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ അപകടത്തില്‍ കൈപ്പത്തി പൂർണ്ണമായും വേർപെട്ട നിലയില്‍ കൊല്ലം ട്രാവൻകൂർ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ച മുപ്പതുകാരിക്കാണ് വൈദ്യശാസ്ത്രത്തിന്റെ കരുണയും കരുതലും തുണയായത്.
അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിയെ ഉടൻ തന്നെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം പ്ലാസ്റ്റിക് സർജറി വിഭാഗത്തിലേക്ക് മാറ്റി. മൈക്രോ വാസ്കുലർ റീപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയുടെ കൈയിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകളും നാഡികളും അത്യാധുനിക മൈക്രോസ്കോപ്പുകളുടെ സഹായത്തോടെയാണ് കൂട്ടിയിണക്കിയത്.
അതിസൂക്ഷ്മമായ ശസ്ത്രക്രിയ
തലമുടിയേക്കാള്‍ നേർത്ത രക്തക്കുഴലുകള്‍ പരസ്പരം ബന്ധിപ്പിച്ച് കൈയിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിച്ചു. കൂടാതെ, കൈകളുടെ ചലനശേഷിയും സ്പർശനശേഷിയും തിരികെ ലഭിക്കുന്നതിനായി പ്രധാന നാഡികളും വിരലുകളുടെ ചലനത്തെ നിയന്ത്രിക്കുന്ന പേശികളും (ടെൻഡൻസ്) വിജയകരമായി തുന്നിച്ചേർത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കൈയുടെ സ്വാഭാവിക നിറം വീണ്ടെടുത്തിട്ടുണ്ട്.
വിദഗ്ധരുടെ നേതൃത്വം
പ്ലാസ്റ്റിക് റീകണ്‍സ്ട്രക്റ്റീവ് ആൻഡ് മൈക്രോ വാസ്കുലർ സർജന്മാരായ ഡോ. സാംസണ്‍ സാമുവല്‍, ഡോ. ഇന്ദ്രജിത്ത് കെ. സുധി എന്നിവരുടെ നേതൃത്വത്തിലാണ് ഈ ശസ്ത്രക്രിയ നടന്നത്. അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ബിജു എം.എല്‍, ശ്രീഹരി എസ്, രാധിക എന്നിവരും ഓർത്തോപീഡിക് വിഭാഗത്തിലെ ഡോ. ശങ്കർ എസ്, വി.വി രാമു, നന്ദു എം.എസ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ഫിസിഷ്യൻ അസിസ്റ്റന്റുമാരും നഴ്സിംഗ് സ്റ്റാഫും അടങ്ങുന്ന വലിയൊരു സംഘത്തിന്റെ കഠിനാധ്വാനം ഇതിന് പിന്നിലുണ്ട്.
നിലവില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലുള്ള യുവതിക്ക് വരും ദിവസങ്ങളില്‍ കൃത്യമായ ഫിസിയോതെറാപ്പി ചികിത്സയും നല്‍കും. ഇതോടെ കൈയുടെ പൂർണ്ണമായ ചലനശേഷി വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ സംഘം.

