കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് പാര്‍ട്ടിയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി നീക്കം.
മമതാ ബാനര്‍ജിയുടെ ഏകപക്ഷീയമായ നേതൃത്വത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് രാഷ്ട്രീയ സമവാക്യങ്ങള്‍ ആകെ മാറ്റിമറിക്കാനാണ് തൃണമൂലിലെ ഒരു വലിയ വിഭാഗം എംഎല്‍എമാര്‍ ഇപ്പോള്‍ ഒരുമിച്ച് രംഗത്തിറങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഋതബ്രത ബാനര്‍ജിയെ പുതിയ നിയമസഭാ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് 58 ടി.എം.സി. എം.എല്‍.എമാര്‍ ഒപ്പിട്ട നിര്‍ണ്ണായക കത്ത് നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസിന് കൈമാറി.
മറ്റൊരു പ്രമുഖ വിമത എം.എല്‍.എയായ സന്ദീപന്‍ സാഹയ്ക്കും മറ്റ് നിരവധി വിമത ജനപ്രതിനിധികള്‍ക്കുമൊപ്പം ഋതബ്രത ബാനര്‍ജി നിയമസഭാ സ്പീക്കറെ നേരിട്ട് കാണുകയും 58 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. ഋതബ്രത ബാനര്‍ജിയെ പുതിയ നിയമസഭാ കക്ഷി നേതാവായും, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, ഷിയുലി സാഹ എന്നിവരെ ഡെപ്യൂട്ടി ലീഡര്‍മാരായും നിര്‍ദ്ദേശിച്ചു. കൂടാതെ രഘുനാഥ്ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അഖ്രുജ്ജമാനെ പുതിയ ചീഫ് വിപ്പായും നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം, നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കപ്പെടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ വിമത വിഭാഗത്തിന് നിയമസഭാ കക്ഷിയിലെ ആകെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെയെങ്കിലും പിന്തുണ ആവശ്യമാണ്. സഭയില്‍ ഈ ഭൂരിപക്ഷം തെളിയിക്കാനായാല്‍ മാത്രമേ വിമതര്‍ക്ക് ഔദ്യോഗിക പദവി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
നിലവില്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 80 എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ അയോഗ്യത ഒഴിവാക്കാനുള്ള പരിധി 54 ആണ്. വിമത പക്ഷത്തിന്റെ അവകാശവാദം സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍, ഈ പരിധി വളരെ എളുപ്പത്തില്‍ മറികടക്കുകയും സഭയില്‍ പ്രത്യേക ബ്ലോക്കായി അംഗീകാരം നേടാനുള്ള സാധ്യതയും ഉണ്ട്.
സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ മമതാ ബാനര്‍ജിയെ പാര്‍ട്ടിയുടെ ചെയര്‍പേഴ്സണ്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആത്മവഞ്ചനയായാണ് വിമതരുടെ ഈ നീക്കത്തെ ടിഎംസി നേതൃത്വം വിലയിരുത്തുന്നത്. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്ന് മുതിര്‍ന്ന ടിഎംസി നേതാവും എംഎല്‍എയുമായ കുനാല്‍ ഘോഷ് പറഞ്ഞു.
അവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ക്ക് അത് പാര്‍ട്ടിക്ക് ഉള്ളില്‍ ചര്‍ച്ച ചെയ്യാമായിരുന്നു. അതിനുപകരം അവര്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്താനാണ് ശ്രമിച്ചത്, അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിമത എംഎല്‍എമാരെയും പിന്തുണയ്ക്കുന്നവരേയും ദ്രോഹികള്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് 6-ന് മമതാ ബാനര്‍ജിയുടെ വസതിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ പങ്കെടുത്ത യോഗത്തോടെയാണ് തൃണമുലിനെ പിടിച്ചുലച്ച നാടകീയ സംഭവങ്ങളുടെ തുടക്കം. പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി ലീഡര്‍, ചീഫ് വിപ്പ് എന്നിവരുടെ പേരുകള്‍ തീരുമാനിക്കുകയായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം. സോവന്‍ദേബ് ചതോപാധ്യായ പ്രതിപക്ഷ നേതാവായും, നയന ബന്ദേപാധ്യായ, അഷിമ പത്ര എന്നിവര്‍ ഡെപ്യൂട്ടി ലീഡര്‍മാരായും, ഫിര്‍ഹാദ് ഹക്കീം ചീഫ് വിപ്പായും ചുമതലയേല്‍ക്കുമെന്ന് ടിഎംസി നിയമസഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചു.
പാര്‍ട്ടി നേതൃത്വം സെക്രട്ടേറിയറ്റിന് അയച്ച കത്തില്‍ തങ്ങളുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്തു എന്ന് വിമത എംഎല്‍എമാര്‍ ആരോപിച്ചതോടെ തര്‍ക്കത്തിന് പുതിയ മാനം കൈവന്നു. തൃണമുലിനെ പിളര്‍ത്താന്‍ ലക്ഷ്യംവച്ച് മുന്നേറുന്ന ഭരണകക്ഷിയായ ബിജെപി വീണുകിട്ടിയ ഈ അവസരം പരമാവധി മുതലെടുക്കാനായി ഗോദയിലിറങ്ങി.
പ്രതിരോധത്തിലായ മമത വിമതരുടെ ആരോപണം നിഷേധിക്കുകയും, തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഈ ആഴ്ച ആദ്യം ഋതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് പോര് കടുത്തത്. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം പുറത്താക്കിയ ഋതബ്രത ബാനര്‍ജി വിമത നീക്കത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന മുതിര്‍ന്ന നേതാവ് ജാവേദ് ഖാനും ഒപ്പം കൂടിയതോടെ വിമത ക്യാംപിന് രാഷ്ട്രീയ കരുത്ത് ഏറിയിട്ടുണ്ട്.
ഇതിനിടെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്. സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

